Quantcast

വെള്ളാപ്പള്ളിയുടെ നിലപാടുകൾ ഈഴവ സമൂഹത്തെ ഒറ്റപ്പെടുത്തി, ഉണ്ടാക്കിയത് ദ്രോഹം മാത്രം: എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ്

വെള്ളാപ്പള്ളിയെ നികൃഷ്ട ജീവിയെന്ന് മുഖ്യമന്ത്രി വിമർശിച്ച 2015ലെ തെരഞ്ഞെടുപ്പ് കാലത്ത് താൻ എൽഡിഎഫിന് വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും സി.കെ വിദ്യാസാഗർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-12-16 09:18:00.0

Published:

16 Dec 2025 11:52 AM IST

Former President of SNDP Yogam Strongly Criticise Agaisnt Vellappalli Nadesan
X

ഇടുക്കി: വെള്ളാപ്പള്ളി നടേഷനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ വിദ്യാസാഗർ. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ഈഴവ സമൂഹത്തെ ഒറ്റപ്പെടുത്താൻ കാരണമായെന്നും അവർക്കുണ്ടാക്കിയത് ദ്രോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. വെള്ളാപ്പള്ളി ചെയ്യുന്ന ദ്രോഹം എസ്എൻഡിപിക്ക് മാത്രമല്ല എൽഡിഎഫിനും ദ്രോഹമാകുമെന്ന് താൻ ആദ്യമേ പറഞ്ഞതാണെന്നും സി.കെ വിദ്യാസാ​ഗർ വ്യക്തമാക്കി.

ശ്രീനാരയണ സമൂഹത്തോട് ചെയ്യുന്ന ദ്രോഹങ്ങൾ സംബന്ധിച്ച് വെള്ളാപ്പള്ളി നിരവധി ആരോപണങ്ങൾ നേരിടുന്നുണ്ട്. ശ്രീനാരയണീയ സമൂഹത്തെ കേരളത്തിലെ മറ്റ് സാമൂഹിക- മതവിഭാഗങ്ങളിൽ നിന്ന് വേലികെട്ടി ഒതുക്കുകയാണ് വെള്ളാപ്പള്ളി. അത്തരമൊരു രീതി കേരള സമൂഹത്തിന് ചേർന്നതല്ല. ഇവിടെ ശ്രീനാരായണീയ സമൂഹവും ഹിന്ദുക്കളും മാത്രമല്ല ഉള്ളത്. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളും പ്രബല ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിൽ ഒരുപാട് വ്യത്യാസമില്ല. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ചുപോകുന്ന രീതി കേരളത്തിന്റെ പ്രത്യേകതയമാണ്. അതിന് ഭംഗം വരുത്തുന്ന വിധത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനം- സി.കെ വിദ്യാസാ​ഗർ കുറ്റപ്പെടുത്തി.

നമ്മുടെ സമൂഹത്തിന്റെ അവകാശത്തിനായി ശബ്ദമുയർത്തുന്നത് മറ്റ് സമൂഹങ്ങളെ അലോസരപ്പെടുത്തിയാവരുത്. സ്ഥാനത്തും അസ്ഥാനത്തും പ്രതികരിക്കുമ്പോൾ അത് വലിയ പ്രത്യാഘാതമാണ് ഉണ്ടാകുന്നത്. ആ പ്രത്യാഘാതത്തിന്റെ ഫലം ഇപ്പോൾ എൽഡിഎഫും ശ്രീനാരായണ സമൂഹവും അനുഭവിക്കുകയാണ്.

വാസ്തവത്തിൽ വെള്ളാപ്പള്ളിയുടെ ഓരോ പ്രസ്താവനയും ഈഴവ സമൂഹത്തെ മറ്റു സമൂഹങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്നതാണ്. എല്ലാ വിഭാഗം മനുഷ്യരും കഴിയുന്ന ഇവിടെ അത്തരം പ്രസ്താവനങ്ങൾ ദ്രോഹമല്ലാതെ യാതൊരു ഗുണവും ഉണ്ടാക്കില്ല. അത് ഈ കാൽനൂറ്റാണ്ട് കൊണ്ടും തിരിച്ചറിഞ്ഞില്ലെങ്കിൽ ഇനിയെന്ന് തിരിച്ചറിഞ്ഞ് തിരുത്തുമെന്നറിയില്ല. അങ്ങനെയുള്ള വെള്ളാപ്പള്ളിക്ക് പട്ടും വളയും ചാർത്താൻ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കണിച്ചുകുളങ്ങരയിലേക്ക് തീർഥയാത്ര നടത്തി. ഇത് എത്രമാത്രം അരോചകമാണെന്നും ഈഴവരും മറ്റ് സാമൂഹിക വിഭാഗങ്ങളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഈ നിലപാടിനെ അവജ്ഞയോടെയാണ് നോക്കിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോഫിനാൻസ് തട്ടിപ്പടക്കം മൂന്ന് നാല് ഡസനോളം ക്രിമിനൽ കേസുകളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ കസേരയിൽ ഇരുന്ന് വെള്ളാപ്പള്ളി ചെയ്തത്. അങ്ങനെയുള്ള പ്രതിയെയാണ് ആദരിക്കാൻ മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചത്. സാമൂഹിക സൗഹാർദം അലോസരപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിക്കൊണ്ടിരുന്ന നാളുകളിലാണിത്. ഇതൊക്കെയാണ് ഒരു സർക്കാരിനെക്കുറിച്ചും അതിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയെക്കുറിച്ചും ജനങ്ങളുടെ മനസിലുണ്ടാകുന്ന ചിത്രം എന്ന് തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല. അതിന്റെയൊക്കെ ഫലമാണ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പതനം.

മുഖ്യമന്ത്രി വെള്ളാപ്പള്ളിയോടുള്ള നിലപാട് തിരുത്തിയാൽ നല്ലത്. വെള്ളാപ്പള്ളിയെ നികൃഷ്ട ജീവിയെന്ന് മുഖ്യമന്ത്രി വിമർശിച്ച 2015ലെ തെരഞ്ഞെടുപ്പ് കാലത്ത് താൻ എൽഡിഎഫിന് വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും സി.കെ വിദ്യാസാഗർ പറഞ്ഞു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്കും വിഎസിനും കോടിയേരിക്കുമൊപ്പം 20ലേറെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രസംഗിക്കാൻ പോയിട്ടുണ്ട്. കണ്ണൂരിൽ ഒന്ന് പോകാമോ എന്ന് കോടിയേരി ചോദിച്ചതുപ്രകാരം അവിടെയും പിന്നീട് പാലക്കാട്ടും പോയി പ്രസംഗിച്ചിട്ടുണ്ട്. ഒരു ഔദാര്യവും പ്രതീക്ഷിച്ചിട്ടില്ല, ചോദിച്ചിട്ടില്ല. എന്നാൽ പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പൾ കൂരായണ എന്ന സ്ഥിതിയാണ് പിന്നീട് കണ്ടത്. താൻ പുറത്താവുകയും വെള്ളാപ്പള്ളിയെ നവോഥാന നായകനായി വിശേഷിപ്പിച്ച് പട്ടുംവളയും കൊണ്ട് ആദരിക്കുന്നതുമാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



TAGS :

Next Story