പാഠപുസ്തക പരിഷ്കരണം: പുതിയ തലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം; ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും ഒഴിവാക്കിയും വിദ്യാലയങ്ങളെ ഹിന്ദുത്വ ലബോറട്ടറികളാക്കുന്ന നടപടി സംഘ്പരിവാർ പതിറ്റാണ്ടുകളായി ചെയ്യുന്നുണ്ട്

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ പേരിൽ സ്കൂൾ പാഠപുസ്തകങ്ങളിൽ എൻസിഇആർടി നടപ്പിലാക്കുന്ന മാറ്റങ്ങൾ സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണത്തിൻ്റെ ഭാഗമാണെന്നും പുതിയ തലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കുകയാണ് അതിലൂടെ ലക്ഷ്യമിടുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. മുഗൾ രാജവംശത്തിൻ്റേയും ഡൽഹി സുൽത്താനേറ്റിൻ്റേയും ചരിത്രങ്ങൾ ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയ നടപടി അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും ഒഴിവാക്കിയും വിദ്യാലയങ്ങളെ ഹിന്ദുത്വ ലബോറട്ടറികളാക്കുന്ന നടപടി സംഘ്പരിവാർ പതിറ്റാണ്ടുകളായി ചെയ്യുന്നുണ്ട്. ഇന്ത്യൻ ജിഡിപി ലോകാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സമയമാണ് മുഗൾ കാലഘട്ടം. സാംസ്കാരികം, കരകൗശലം തുടങ്ങി മറ്റെല്ലാ മേഖലകളിലും ആ സമയത്ത് രാജ്യം ഉന്നതിയിലായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഈ സുവർണ ഘട്ടത്തെ ഒഴിവാക്കി കുംഭമേള പോലെയുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തുന്നത് ദുരുദ്ദ്യേശപരമാണ്.
മുമ്പ് നാഥുറാം ഗോഡ്സയെക്കുറിച്ചുള്ള 'തീവ്ര ഹിന്ദു പത്രത്തിൻ്റെ എഡിറ്റർ' പരാമർശം നീക്കിയതടക്കം പുതിയ പാഠ്യപദ്ധതിയിൽ സംഘ്പരിവാർ തങ്ങളുടേതായ ചരിത്ര പുനർനിർമാണം നടത്താൻ ശ്രമിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലോ ചരിത്രകാരന്മാരോട് കൂടിയാലോചിച്ചോയല്ല എൻസിഇആർടി പുതിയ പരിഷ്ക്കരണങ്ങൾ നടപ്പിലാക്കുന്നത്. രാജ്യത്ത് ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം. പാഠ്യപദ്ധതി പരിഷ്ക്കരണങ്ങളുടെ മറവിൽ പുതിയ തലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാർക്ക് നിവേദനം നൽകുന്നതടക്കമുള്ള പരിപാടികൾ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. സഈദ് ടി.കെ, ഗോപു തോന്നക്കൽ, ബാസിത് താനൂർ, അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി, കെ.എം. സാബിർ അഹ്സൻ എന്നിവർ സംസാരിച്ചു.
Adjust Story Font
16

