Quantcast

ആർ.എൽ.വി രാമകൃഷ്ണനെതിരെ ജാതീയാധിക്ഷേപം: ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

സമൂഹത്തിൽ വംശീയവിവേചനവും ജാതി മേൽക്കോയ്മയും ശക്തിപ്പെടുത്തുന്നതിനു കാരണമാകുന്ന പരാമർശം നടത്തിയ സത്യഭാമയ്‌ക്കെതിരെ എസ്.സി-എസ്.ടി വകുപ്പുപ്രകാരം കേസെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പരാതിയിൽ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    21 March 2024 3:36 PM GMT

ആർ.എൽ.വി രാമകൃഷ്ണനെതിരെ ജാതീയാധിക്ഷേപം: ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി
X

തിരുവനന്തപുരം: നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമയ്‌ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.

കലാരംഗത്തും മോഹിനിയാട്ട മേഖലയിലും ശക്തമായ സാന്നിധ്യവും എം.ജി സർവകലാശാലയിൽനിന്ന് മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് ജേതാവുമായിരുന്ന ആർ.എൽ.വി രാമകൃഷ്ണനെതിരെ സ്വകാര്യ ചാനൽ ഇന്റർവ്യൂവിലെ സംസാരമധ്യേ തിരുവനന്തപുരം ഡാൻസ് അക്കാഡമി അധ്യാപിക സത്യഭാമ നടത്തിയത് കൃത്യമായ ജാതിയധിക്ഷേപമാണ്. മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങളിൽ കറുത്ത നിറത്തിൽപ്പെട്ടവർ പങ്കെടുക്കുന്നതിനെയും കറുത്ത നിറത്തിൽപ്പെട്ടവരും സൗന്ദര്യം കുറഞ്ഞവരുമായ വ്യക്തികൾ വിവിധ കലാമേഖലകളിലേക്ക് കടന്നുവരുന്നതിനെയും അനുചിതമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സത്യഭാമ പറയുന്നതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.

കറുത്ത നിറമുള്ള കാക്കയുടെ രൂപത്തോട് സമീകരിച്ചുകൊണ്ടാണ് സത്യഭാമ കലാരൂപത്തിൽ പങ്കെടുക്കുന്ന കറുത്ത നിറമുള്ള വ്യക്തികളെ അധിക്ഷേപിച്ചിരിക്കുന്നത്. ഇത് തികച്ചും ജാതിവിവേചനവും വംശീയാധിക്ഷേപം നിറഞ്ഞതുമായ പ്രസ്താവനയാണ്. വിവിധ മാധ്യമങ്ങളിൽ ഇത് സംബന്ധമായ വിശദീകരണം നൽകിയ വേളയിലും സത്യഭാമ തന്റെ ജാതീയാധിക്ഷേപ പ്രസ്താവനയിൽ ഉറച്ചുനിൽക്കുക മാത്രമാണ് ചെയ്യുന്നത്. സമൂഹത്തിൽ വംശീയവിവേചനവും ജാതി മേൽക്കോയ്മയും ശക്തിപ്പെടുത്തുന്നതിനു കാരണമാകുന്ന പരാമർശം നടത്തിയ സത്യഭാമയ്‌ക്കെതിരെ എസ്.സി-എസ്.ടി വകുപ്പുപ്രകാരം കേസെടുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പരാതിയിൽ ആവശ്യപ്പെട്ടു.

Summary: Fraternity Movement files complaint with DGP against dance teacher Sathyabhama in caste abuse on dancer RLV Ramakrishnan

TAGS :

Next Story