Quantcast

വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ച സ്‌കൂൾ അധികൃതർക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ പൊരുതി നേടിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ജനാധിപത്യവൽക്കരണത്തെ കൊഞ്ഞനം കുത്താനാണ് സ്‌കൂളധികൃതരടക്കമുള്ളവർ ശ്രമിക്കുന്നതെന്ന്‌ നഈം ഗഫൂർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    17 Oct 2025 7:55 PM IST

Sangh Parivar behind AI hatred against Muslim women Says Fraternity Movement
X

Photo|Special Arrangement

എറണാകുളം: മതവിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ പേരിൽ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ച കൊച്ചി പള്ളുരുത്തി സെന്റ് റിത്താസ് സ്‌കൂൾ അധികൃതർക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര പുരോഗമന കേരളത്തിൽ വിദ്യാഭ്യാസം നേടാനും സ്‌കൂളിൽ വരാനും മതബോധം ഒരു മാനദണ്ഡമായി മാറ്റാനാണ് പള്ളുരുത്തിയിലെ സ്‌കൂൾ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഫ്രറ്റേണിറ്റിയുടെ വിമർശനം.

മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ പൊരുതി നേടിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ജനാധിപത്യവൽക്കരണത്തെ കൊഞ്ഞനം കുത്താനാണ് സ്‌കൂൾ അധികൃതർ, അധ്യാപകർ, പി.ടി.എ എന്നിവരുടെ ശ്രമമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ നെറികേടിനെ ജനാധിപത്യ കേരളം ചെറുത്ത് തോൽപിക്കുക തന്നെ ചെയ്യും.

എറണാകുളം എംപി ഹൈബി ഈഡൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സ്‌കൂൾ അധികൃതരും രക്ഷിതാക്കളുമായി ചർച്ച നടത്തി മുന്നോട്ട് വെച്ച ആവശ്യങ്ങൾ അങ്ങേയറ്റം ക്രൂരമാണ്. മതവിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിക്കില്ല എന്ന സമ്മതപത്രം നൽകാൻ രക്ഷിതാക്കളോടും കുട്ടിയോടും ആവശ്യപ്പെടാൻ ഏത് ഭരണഘടന മുന്നിൽ വെച്ചാണ് എംപിക്കും കോൺഗ്രസ് നേതാവിനും സാധിച്ചതെന്ന് ഇരുവരും ഈ നാടിനോട് വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ 4 ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് നയിക്കുന്ന 'വിശ്വാസ സംരക്ഷണ യാത്ര'യിൽ ഏതെല്ലാം വിശ്വാസങ്ങൾ സംരക്ഷിക്കും എന്ന് അവർ വ്യക്തമാക്കണമെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.

സ്‌കൂളിൽ പഠിക്കാൻ ആഗ്രഹിച്ച വിദ്യാർഥിക്കും രക്ഷിതാവിനും ഒപ്പം നിലയുറപ്പിച്ച വിദ്യാഭ്യാസ വകുപ്പ് കൂടുതൽ കരുത്തുറ്റ നിലപാട് ഇതിൽ സ്വീകരിക്കണമെന്നും വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ച സ്‌കൂൾ അധികൃതർക്കും പി.ടി.എക്കും ഇതിൽ പങ്കാളികളായ അധ്യാപകർക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു.

TAGS :

Next Story