Quantcast

ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെന്ന് പരാതി; മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്

കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുള്ള ഒരു ജ്വല്ലറിയിലാണ് ഇവർ തട്ടിപ്പ് നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2025-04-09 09:18:52.0

Published:

9 April 2025 12:28 PM IST

Fraud Case against Ex MLA Mathews Stephen and Two Others
X

തൊടുപുഴ: മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. മാത്യു സ്റ്റീഫൻ, ജിജി, സുബൈർ എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസ് ആണ് കേസെടുത്തത്. ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരാണ് പ്രതികൾ.

പത്ത് ലക്ഷം രൂപയുടെ സ്വർണം കടമായി വാങ്ങിയ ശേഷം പണം നൽകിയില്ലെന്നാണ് പരാതി. പണം ചോദിച്ചപ്പോൾ ജ്വല്ലറി ഉടമയ്ക്കെതിരെ ജിജി പൊലീസിൽ പരാതി നൽകി. പരാതി പിൻവലിക്കാൻ കൂടുതൽ പണവും ആവശ്യപ്പെട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോൾ ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുള്ള ഒരു ജ്വല്ലറിയിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജനുവരി 17ന് എംഎൽഎയും ജിജിയും സുബൈറും ജ്വല്ലറിയുടെ ഒരു ശാഖയിൽ എത്തി, നിർധന കുടുംബത്തെ സഹായിക്കാൻ 1,69,000 രൂപയുടെ സ്വർണം കടമായി നൽകണം എന്നാവശ്യപ്പെടുകയായിരുന്നു.

മുൻ എംഎൽഎ എന്ന നിലയ്ക്ക് ജ്വല്ലറി ഉടമ സ്വർണം നൽകി. രണ്ട് ചെക്ക് ലീഫുകൾ ഇതിന് ഗ്യാരന്റിയായി നൽകി. പണം ലഭിക്കാതെ വന്നതോടെ ജ്വല്ലറി ഉടമ ഇവരെ സമീപിച്ചപ്പോൾ രണ്ട് ലക്ഷം രൂപ നൽകി.

പിന്നീട്, പത്ത് ലക്ഷം രൂപയുടെ സ്വർണം വേണമെന്നാവശ്യപ്പെട്ട് ജനുവരി 27ന് ജിജിയും കൂട്ടാളിയും വീണ്ടുമെത്തി. എന്നാൽ അതിന് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ജിജി ജ്വല്ലറി ഉടമയുടെ പേരിൽ പരാതി കൊടുത്തു. പരാതി പിൻവലിക്കണമെങ്കിൽ പണമോ സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പത്ത് ലക്ഷം രൂപയുടെ സ്വർണം കടമായി നൽകി.

എന്നാൽ ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും വീണ്ടും ജ്വല്ലറി ഉടമയ്‌ക്കെതിരെ ജിജി പരാതി നൽകുകയുമായിരുന്നു. ഇതോടെയാണ്, തട്ടിപ്പാണെന്ന് മനസിലായ ജ്വല്ലറി ഉടമ ഇവർക്കെതിരെ തൊടുപുഴ പൊലീസിൽ പരാതി നൽകിയത്.

നിർധന കുടുംബത്തെ സഹായിക്കാൻ 1,69,000 രൂപയുടെ സ്വർണം താൻ കടമായി വാങ്ങി നൽകിയെന്നും മറ്റ് കാര്യങ്ങൾ അറിയില്ലെന്നും മാത്യു സ്റ്റീഫൻ പ്രതികരിച്ചു. അതേസമയം, മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ സുബൈർ, ജിജി എന്നിവർ നിലവിൽ റിമാൻ്റിലാണ്. സുബൈറിനും ജിജിക്കുമെതിരെ പലയിടങ്ങളിലും പരാതിയുണ്ട്.



TAGS :

Next Story