Quantcast

114 കിലോയിൽനിന്ന് ബോഡിബിൽഡിങ് ചാംപ്യനിലേക്ക്; കിഷോർരാജിന്റെ അതിശയകഥ

114 കിലോ ശരീരഭാരത്തിൽനിന്ന് ബോഡിബിൽഡിങ് ചാംപ്യനിലേക്കുള്ള കിഷോറിന്റെ മാറ്റം ശരിക്കും അതിശയിപ്പിക്കുന്നതാണ്. അടുത്തിടെ നടന്ന 'മിസ്റ്റർ ആലപ്പുഴ 2022' ചാംപ്യൻഷിപ്പിൽ 'ചാംപ്യൻ ഓഫ് ചാംപ്യൻ' ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു ഈ യുവാവ്. ഇനി മിസ്റ്റർ കേരള, അതു കഴിഞ്ഞ് മിസ്റ്റർ ഇന്ത്യ ഒക്കെയാണ് മുന്നിലുള്ള ലക്ഷ്യങ്ങൾ

MediaOne Logo

Shaheer

  • Updated:

    2022-01-25 10:41:27.0

Published:

25 Jan 2022 10:35 AM GMT

114 കിലോയിൽനിന്ന് ബോഡിബിൽഡിങ് ചാംപ്യനിലേക്ക്; കിഷോർരാജിന്റെ അതിശയകഥ
X

114 കിലോ ശരീരഭാരമുള്ള ഒരു പൊണ്ണത്തടിക്കാരൻ ബോഡിബിൽഡിങ് ചാംപ്യനാകുന്നത് സങ്കൽപിക്കാനാകുമോ? ബോഡി ബിൽഡിങ്ങും ഫിറ്റ്‌നസും ജിമ്മും വ്യായാമവുമൊക്കെയാണല്ലോ ഇപ്പോൾ നാട്ടിൽ ട്രെൻഡ്. എന്നാൽ, ജിമ്മും ഫിറ്റ്‌നസുമൊന്നും അമിതവണ്ണക്കാർക്ക് പറഞ്ഞതല്ലെന്നു നിരാശപ്പെടുന്നവരും ഒരുപാടുണ്ട് നമ്മുടെ കൂട്ടത്തിൽ. അവർക്കുള്ള മറുപടിയാണ് ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ സ്വദേശി കിഷോർരാജ്. 114 കിലോ ശരീരഭാരത്തിൽനിന്ന് ഒരു വർഷമെടുത്ത് ഒരു ബോഡിബിൽഡിങ് ചാംപ്യനിലേക്കുള്ള കിഷോറിന്റെ മാറ്റം ശരിക്കും അതിശയിപ്പിക്കുന്നതാണ്. അടുത്തിടെ ഹരിപ്പാട്ട് നടന്ന ഐപിഎ, എൻപിസി മിസ്റ്റർ ആലപ്പുഴ 2022 ബോഡിബിൽഡിങ് ചാംപ്യൻഷിപ്പിൽ 'ചാംപ്യൻ ഓഫ് ചാംപ്യൻ' ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു ഈ യുവാവ്. ഇനിയിപ്പോൾ മിസ്റ്റർ കേരള, അതു കഴിഞ്ഞ് മിസ്റ്റർ ഇന്ത്യ ഒക്കെയാണ് മുന്നിലുള്ള ലക്ഷ്യങ്ങൾ. ആ അതിശയമാറ്റത്തിന്റെ കഥ കിഷോർ തന്നെ പറയുന്നത് വായിക്കാം.

ഈ വണ്ണവും വച്ച് സൈന്യത്തിലോ?

അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലുള്ള യുഎസ് സൈനികതാവളത്തിലായിരുന്നു ജോലി. 2010ലാണ് അവിടെയെത്തുന്നത്. അവിടെ ലോഡ്ജിങ് സൂപ്രവൈസറായിരുന്നു. ഹോട്ടൽ റിസപ്ഷനിസ്റ്റ് പോലെയുള്ള ഒരു ജോലിയായിരുന്നു അത്. ആർമിയുമായി നേരിട്ടു ബന്ധമുള്ള പണിയല്ല. അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി വഴിയുള്ള റിക്രൂട്ട്മെന്റിലാണ് അവിടെ കയറിപ്പറ്റുന്നത്.

2018 വരെയൊക്കെ ശരീരം ശരിക്കും ഫിറ്റായിരുന്നു. അത്യാവശ്യം ജിമ്മിൽ പോകുകയും വർക്കൗട്ട് ചെയ്യുകയുമെല്ലാം ചെയ്യും. ബോഡിയും അത്യാവശ്യം ശ്രദ്ധിക്കുമായിരുന്നു. ഇടക്ക് വർക്കൗട്ട് നിർത്തി. അതിനിടയിലാണ് കുറച്ച് കുടുംബപ്രശ്‌നങ്ങളൊക്കെ വരുന്നത്. അതോടെ വർക്കൗട്ട് പാടേ നിന്നുപോയി. ശരീരഭാരം ഭയങ്കരമായി കൂടി. ഡിപ്രഷനൊക്കെയായി നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങി. നല്ലരീതിൽ ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് മാനസികസംതൃപ്തിയൊക്കെ തോന്നും. അങ്ങനെ കുറേ കേക്കും ഐസ്‌ക്രീമും കഴിക്കാൻ തുടങ്ങി. ഫുഡിനൊന്നും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല അവിടെ.


ശരീരം പിടിവിട്ടുപോയിക്കൊണ്ടിരുന്നപ്പോഴും ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു; സ്ഥിരമായി വർക്കൗട്ട് ചെയ്‌തോണ്ടിരുന്നയാളായതുകൊണ്ട് അടുത്ത മാസംതൊട്ട് അതൊക്കെ തിരിച്ചുകൊണ്ടുവരാനാകുമെന്ന്. എന്നാൽ, ഒന്നും നടന്നില്ല. ജിമ്മിൽ പോയിനോക്കിയപ്പോൾ പുഷപ്പ് പോലും പറ്റുന്നില്ല. പിന്നെ ഒന്നും നടക്കാതെയായി. അങ്ങനെയാണ് ശരീരം ചിത്രത്തിൽ കണ്ട അക്കോലത്തിലായത്.

ക്വാറന്റൈനുണ്ടാക്കിയ മാറ്റം

കോവിഡ് തുടങ്ങുന്നതൊക്കെ ആ സമയത്താണ്. അധികം വൈകാതെ 2020 നവംബർ ഒക്കെയായപ്പോൾ അവിടത്തെ ജോലി രാജിവച്ച് നാട്ടിലെത്തി. ഇവിടെ വരുമ്പോൾ 114 കിലോ ആയിരുന്നു ശരീരഭാരം. നാട്ടിലെത്തിയിട്ട് ഇതിനൊരു മാറ്റംവരുത്തണമെന്ന ചിന്ത ആദ്യമേയുണ്ടായിരുന്നു. അന്ന് നാട്ടിൽവരുമ്പോൾ ക്വാറന്റൈനൊക്കെയുണ്ടായിരുന്നല്ലോ.. ക്വാറന്റൈനെല്ലാം കഴിഞ്ഞതോടെ വെളിയിൽനിന്നുള്ള ഭക്ഷണം പൂർണമായും നിർത്തി. അതിന് വീട്ടുകാരുടെ നല്ല പിന്തുണയും കിട്ടി.

പുറത്തെ ഭക്ഷണം നിർത്തി വീട്ടിൽനിന്നുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ നല്ല വ്യത്യാസം കാണാൻ തുടങ്ങി. പതുക്കെ ഗ്രൗണ്ടിലൊക്കെ പോയിത്തുടങ്ങി. തുടക്കത്തിൽ കുറച്ച് ഗ്രൗണ്ട് എക്സസൈസൊക്കെ ചെയ്തുനോക്കി.

വലിയ വെയ്‌റ്റൊന്നും എടുക്കാൻ നോക്കാതെ ഗ്രൗണ്ടിൽ പോയിക്കൊണ്ടിരുന്നു. എല്ലാം ഒന്നിൽനിന്ന് തുടങ്ങി. പുഷപ്പൊക്കെ ചെയ്ത് ചെയ്ത് ഒന്നുരണ്ട് മാസം കൊണ്ട് ജിമ്മിൽ പോയി വെയിറ്റ് എടുക്കാനുള്ള അവസ്ഥയിലെത്തി. കുറച്ച് കാർഡിയോ എക്‌സസൈസുകളും കുറച്ച് ഹൈ ഇന്റൻസിറ്റി ട്രെയിനിങ്ങും, അധികം റെസ്റ്റ് എടുക്കാതെയുള്ള ട്രെയിനിങ്ങുമൊക്കെ തുടങ്ങി. ഒരു മണിക്കൂർ ജിമ്മിൽ പോയാൽ അധികം റെസ്റ്റില്ലാതെ പെട്ടെന്ന് വർക്കൗട്ട് പൂർത്തിയാക്കും.

ഭക്ഷണം കുറച്ചൂടെ ഡയറ്റ് പ്ലാനിലേക്ക് മാറി. നല്ലൊരു ട്രെയിനറെ വച്ചു. എന്റെയൊരു ഫ്രണ്ടാണ്, ബ്രദർ ഇൻലോ ഒക്കെയായിവരും; വിഷ്ണുരാജ്. പുള്ളി അഫ്ഗാനിലും കൂടെയുണ്ടായിരുന്നു. അദ്ദേഹംകൂടി നാട്ടിൽവന്നപ്പോൾ ഒരുമിച്ച് തീരുമാനമെടുത്ത് വർക്കൗട്ട് തുടങ്ങി.

പിന്നാലെ ലോക്ഡൗൺ വന്നു പിന്നെയും പ്രശ്‌നമായി. ജിമ്മിലെ വർക്കൗട്ട് മുടങ്ങി. അതോടെ തിരിച്ച് ഗ്രൗണ്ടിൽ തന്നെയാക്കി ട്രെയിനിങ്ങെല്ലാം. ജിം വീണ്ടും തുറന്നപ്പോൾ വീണ്ടും അങ്ങോട്ടു മാറി. ആ സമയമായപ്പോഴേക്കും ബോഡി പതുക്കെ പ്രതികരിക്കാൻ തുടങ്ങിയിരുന്നു.

ബോഡി വെയ്റ്റ് ഒരു 80-85 കിലോ ഒക്കെയായി കുറഞ്ഞു. ചെറുതായി മസിലൊക്കെ തെളിഞ്ഞുവരാൻ തുടങ്ങി. അതോടെ കോംപറ്റീഷനിലൊക്കെ പങ്കെടുത്തുനോക്കാമെന്ന ചിന്തയായി. അങ്ങനെ കഴിഞ്ഞ സെപ്റ്റംബർ തൊട്ട് കോംപറ്റീഷൻ തയാറെടുപ്പ് തുടങ്ങി. അതിനുവേണ്ടി കുറച്ചുകൂടെ പ്രൊഫഷനൽ രീതിയിൽ ഭക്ഷണമൊക്കെ നിയന്ത്രിച്ചു.


കഴിക്കുന്ന കലോറിയെക്കാൾ ഭീകരമാണ് കുടിക്കുന്ന കലോറി

എന്നും രാവിലെ വർക്കൗട്ടിനുമുൻപ് എന്തെങ്കിലും കാർബോഹൈഡ്രൈറ്റുള്ള ഭക്ഷണം കഴിക്കും. ഓട്‌സോ റോബസ്റ്റ് പഴമോ ഒക്കെ. ഭക്ഷണത്തിനുശേഷം അഞ്ചുമുതൽ എട്ടുവരെ മുട്ടയുടെ വെള്ളയും ഒരു കൈപിടിയിലൊതുങ്ങുന്ന അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാൾനട്ട് വിഭാഗത്തിൽ എന്തെങ്കിലും കഴിക്കും. ഉച്ചയ്ക്ക് 12 മണിയൊക്കെ ആകുമ്പോൾ 400 ഗ്രാം ചിക്കനും ഒരു 150 ഗ്രാം റൈസും.

ഇതെല്ലാം കൃത്യമായി അളന്നുകഴിക്കും. ഇതിലൂടെ നമ്മൾ എന്ത് കഴിക്കുന്നുവെന്ന് കൃത്യമായി അറിയാൻ പറ്റും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചെറിയ മീലെടുക്കാമെന്ന് പറയും. നമ്മളിപ്പോൾ ഉച്ചയ്ക്ക് വലിയൊരു ഊണെടുക്കുന്നതിനു പകരം അത് രണ്ടായി ഭാഗിച്ചു കഴിക്കുന്നതിന്റെ ഫലം വേറെയാണ്.

ചായയും കാപ്പിയും പറ്റെ ഒഴിവാക്കി. കുടിക്കുകയാണെങ്കിൽ വെള്ളം മാത്രം. കഴിക്കുന്ന കലോറിയെക്കാൾ പാടാണ് കുടിക്കുന്ന കലോറി ബേൺ ചെയ്യാൻ. അതായത് പഞ്ചസാരയിട്ട സാധനങ്ങളൊക്കെ കുടിച്ചുണ്ടാക്കുന്ന കലോറിയെക്കാൾ സമയമെടുക്കും അത് ബേൺ ചെയ്യാൻ. ലിക്വിഡ് കലോറിയുടെ കാര്യമാണിത്.

വൈകീട്ട് ചിക്കനും മുട്ടയുടെ വെള്ളയും. മഞ്ഞക്കരു തീരെ കഴിക്കില്ല. ചിക്കനിൽ അധികം മസാലയൊന്നുമിടില്ല. കറിപോലെ കുറച്ച് മഞ്ഞപ്പൊടിയും കുറച്ച് മസാലപ്പൊടിയും മാത്രം. കൂടുതലും പച്ചമുളകും വെളുത്തുള്ളിയും ചേർക്കും, മസാലയ്ക്കു പകരമായി.

രാത്രി പഴറ് മുളപ്പിച്ചതും 300 ഗ്രാം ചിക്കനും. ഇതോടൊപ്പം നല്ല പോലെ ചീര കഴിക്കും. എല്ലാ ഭക്ഷണത്തിന്റെ കൂടെയും ഒരു 500 ഗ്രാം ചീര ചേർക്കും. അത് തേങ്ങയൊന്നുമില്ലാതെ തോരനായി വേവിച്ച് കഴിക്കും.

ജിമ്മിലല്ല, ബെഡിലാണ് മസിൽ ബിൽഡ് ചെയ്യുന്നത്

ബോഡിബിൽഡിങ്ങിന്റെ മെയിൻ കൃത്യമായ റെസ്റ്റാണ്. അതില്ലെങ്കിൽ വർക്കൗട്ട് ചെയ്യാൻ പറ്റില്ല. മസിൽ ബിൽഡ് ചെയ്യുന്നത് ജിമ്മിലല്ല, ബെഡിലാണെന്ന് പറയാറുണ്ട്. ഉറങ്ങിയാലാണ്, റെസ്റ്റെടുത്താലാണ് ജിമ്മിൽ വർക്കൗട്ട് ചെയ്ത് പെരുപ്പിച്ച മസിലും ശരീരമൊക്കെ ഒന്ന് സെറ്റാകുന്നത്.

ഏഴ് മണിക്കൂർ റെസ്റ്റ് നിർബന്ധമായും വേണം. കഴിയുന്നതും നേരത്തെ കിടക്കുമായിരുന്നു. പ്രധാനമായും ഫോൺ മാറ്റിവയ്ക്കും. കാരണം അത് നമ്മുടെ ഒരുപാട് സമയം കവരും. ഒരുപക്ഷെ ഒരു മിനിറ്റിനുവേണ്ടിയായിരിക്കും അതിൽ കയറുന്നത്. എന്നാൽ, താൽപര്യമുണ്ടാക്കുന്ന എന്തെങ്കിലും കണ്ട് സ്‌ക്രോൾ ചെയ്ത് ചെയ്ത് 40 മിനിറ്റങ്ങനെ പോകും. ദിവസവും ഒരു മൂന്നു പ്രാവശ്യം ഇങ്ങനെ 40 മിനിറ്റെടുത്താൽ രണ്ട് മണിക്കൂറായി. നമ്മൾ മറ്റുള്ളവരെ ജഡ്ജ് ചെയ്തും മറ്റുള്ളവരുടെ വിശേഷങ്ങൾ അറിഞ്ഞുമാണ് ഈ രണ്ടുമണിക്കൂർ കളയുന്നത്.

കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ഉണരുകയും ചെയ്യും. സാധാരണ ഒരു ഒൻപത് മണിക്ക് ഉറങ്ങും. രാവിലെ 4.30ന് എണീക്കുകയും ചെയ്യും.


വെള്ളം ഒറ്റയടിക്ക് പമ്പ് ചെയ്യേണ്ട; ഹൈഡ്രേറ്റഡായി ഇരിക്കുന്നതിലാണ് കാര്യം

എണീറ്റ ശേഷം നല്ലപോലെ വെള്ളം കുടിക്കും. ഒരു വലിയ ജാറിന്റെ വലിപ്പത്തിലുള്ള ഒന്നൊന്നര ക്ലാസ് കുടിക്കും. മൂന്നുമുതൽ നാലുവരെ ലിറ്റർ വെള്ളമാണ് ഒരു ദിവസം കുടിക്കുക.

വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് നമ്മൾ ഹൈഡ്രേറ്റഡ്(ശരീരത്തിൽ ജലാംശം നിലനിർത്തുക) ആയിരിക്കുകയാണ് പ്രധാനമെന്നതാണ്. ഒരുപാട് വെള്ളം കുടിക്കുന്നതിനെക്കാളും പെട്ടെന്ന് ഒരു കുപ്പി വെള്ളം കുടിക്കുന്നതിനെക്കാളും നല്ലത് ഇടയ്ക്കിടയ്ക്ക് കുടിച്ച് എപ്പോഴും ഹൈഡ്രൈറ്റഡായി ഇരിക്കുന്നതാണ്.

ചിലർ ഓർമവരുമ്പോൾ ഒരു കുപ്പി വെള്ളമങ്ങ് അകത്താക്കും. പിന്നെ കുടിക്കുകയേയില്ല. അതിനെക്കാൾ നല്ലത് ഇടയ്ക്കിടയ്ക്കായി ഹൈഡ്രേറ്റഡായി ഇരിക്കുന്നതാണ്. ഫളഷ് ചെയ്യാനുള്ള വെള്ളം ശരീരത്തിൽ ഉണ്ടാകുകയാണ് വേണ്ടത്. ഒരുപാട് വെള്ളം ഒരുമിച്ച് കുടിക്കുന്നതിലും നല്ലത് അതാണ്.

ദിവസം മുഴുവൻ വർക്കൗട്ടല്ല

രാവിലെ എണീറ്റ് വെള്ളം കുടിക്കൊക്കെ ശേഷം ഓട്സ് ഉണ്ടാക്കിക്കഴിക്കും. പഴം കഴിക്കും. അതിനുശേഷമാണ് ജിമ്മിലേക്കു പോകുക. ഒരു അഞ്ചുമണി അഞ്ചരയ്ക്ക് ജിമ്മിലെത്തി ഒന്നൊന്നര മണിക്കൂറ് വർക്കൗട്ട് ചെയ്യും. ഒന്നര മണിക്കൂർ എന്നു പറഞ്ഞാൽ അധികം റെസ്റ്റൊന്നുമുണ്ടാകില്ല. ഹൈ ഇന്റൻസിറ്റി ട്രെയിനിങ്ങായിരുന്നു കൂടുതലും ചെയ്തിരുന്നത്. അധികം റെസ്റ്റില്ലാതെ സ്റ്റോപ്പ് വാച്ച് വച്ച് ചെയ്യും.

വൈകീട്ട് ഗ്രൗണ്ടിൽ പോയി ഓടുകയും ചെയ്യും. അതും സ്റ്റോപ്പ് വാച്ച് വച്ച് തന്നെ. അത്രയുമാണ് വർക്കൗട്ട്. രാവിലെ ഒന്നര മണിക്കൂറും വൈകുന്നേരത്തെ അരമണിക്കൂറും.

ചാംപ്യൻഷിപ്പിൽ പങ്കെടുക്കാമെന്നൊക്കെ ആയപ്പോൾ ഡയറ്റിൽ കുറച്ച് കൃത്യത വരുത്തി. നേരത്തെ പറഞ്ഞ പോലെ ഭക്ഷണത്തിൽ മസാല ചേർക്കുന്നത് നിറുത്തി. മുട്ടയുടെ വെള്ളയൊക്കെ കൂട്ടി. സീരിയസായി വർക്കൗട്ട് തുടങ്ങി. വൈകുന്നേരം പറ്റുമെങ്കിൽ കുറച്ചൂടെ സമയം ജിമ്മിൽ ചെലവഴിക്കാൻ തുടങ്ങി. അങ്ങനെയൊക്കെയാണ് കോംപിറ്റീഷനുവേണ്ടി ഒരുങ്ങിയത്.

ഒരു 14 മാസമെടുത്താണ് കോംപിറ്റീഷനുപോകാൻ പറ്റുന്ന തരത്തിൽ ബോഡി സെറ്റായത്. ഏഴുവർഷംമുൻപും വർക്കൗട്ട് ചെയ്തിരുന്നയാളായതുകൊണ്ട് അതിന്റെ ഒരു അധിക ഗുണമുണ്ടായിരുന്നു. ബോഡി പെട്ടെന്ന് വഴങ്ങിവന്നു.


നടൻ പുനീതിന്റെ അനുഭവം പേടിക്കണോ?

20നും 30നും ഇടയിലുള്ള ഒരുപാടാളുകൾ വർക്കൗട്ടൊന്നും ചെയ്യാതെത്തന്നെ ഹാർട്ടറ്റാക്ക് വന്നു മരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൻപുറത്തെ കാര്യമാണിത്. അവർ ജിമ്മിലൊന്നും പോകുന്നില്ല. ചെറിയ പ്രായമാണ്. അത്യാവശ്യം ജോലി ചെയ്യുന്നവരുമാണ്. പുനീതിന്റെ റേഞ്ചിലുള്ള ആളല്ലാത്തതുകൊണ്ട് ആളുകളങ്ങനെ ശ്രദ്ധിക്കുന്നില്ലെന്നേയുള്ളൂ.

കുറേയൊക്കെ നമ്മുടെ ജെനറ്റിക്കിലും ഡിഎൻഎയിലുമൊക്കെയിത് കിടപ്പുണ്ട്. ചില വ്യായാമങ്ങൾ എല്ലാവർക്കും പറ്റില്ല. ചില എക്സസൈസുകൾ എല്ലാ ശരീരപ്രകൃതത്തിനും ഇണങ്ങില്ല. ഏതായാലും പെട്ടെന്നുള്ള മാറ്റത്തിനു ശ്രമിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തെ മനസിലാക്കി ചെയ്യുക. കുറച്ചൊക്കെ ശരീരത്തെ പണിഷ് ചെയ്യാം, പക്ഷെ റേപ്പ് ചെയ്യരുത്. ആ തരത്തിലുള്ള അടിമുടി മാറ്റത്തിന് ആളുകൾ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. അല്ലാതെ ഈ മരണത്തിനൊന്നും ജിമ്മുമായി കാര്യമായ ബന്ധമൊന്നുമില്ല.

പുനീത് രാജ്കുമാറൊക്കെ ഒരു ഹൈലെവൽ സെലിബ്രിറ്റിയാണ്. പുള്ളിയുടെ വർക്ക് പ്രഷർ എന്നൊക്കെപ്പറയുന്നത് നമ്മൾക്ക് സങ്കൽപിക്കാൻ പറ്റില്ല. അയാൾക്ക് നമ്പർ ടു ആകാൻ പറ്റുമായിരുന്നില്ല, ഒന്നാമനായേ തീരൂ.. അങ്ങനെയുണ്ടാകുന്ന പ്രഷർ ശരീരത്തെ ഭയങ്കരമായി ബാധിക്കും. എല്ലാംകൂടെ നിയന്ത്രിച്ച് ബാലൻസ് ചെയ്ത് പോകാമെന്നത് ഭയങ്കര റിസ്‌കാണ്.

വർക്കൗട്ട് ഒരു ഹാബിറ്റാണ്

വർക്കൗട്ട് നിർത്തിയാൽ പണികിട്ടുക എന്നൊരു സംഗതിയില്ല. വർക്കൗട്ട് എന്നു പറയുന്നത് ഒരു ഹാബിറ്റാണ്. അതിനൊരു അന്ത്യമില്ല. സമ്പൂർണനായി, ഇന്നുമുതൽ വർക്കൗട്ട് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചാൽ അന്നുമുതൽ നമ്മൾ ഇറങ്ങാൻ തുടങ്ങും. കേറിയപടി അതെല്ലാം ഇറങ്ങും.

ജീവിതാവസാനംവരെ ഇത് തുടർന്നില്ലെങ്കിലും ജീവിതക്രമം കുറച്ചൊക്കെ നിയന്ത്രിക്കുകയാണെങ്കിൽ പഴയ രീതിയിലോട്ട് തിരിച്ചുപോകില്ല. എല്ലാമായി എന്നുറപ്പിച്ച് നന്നായി ഭക്ഷണമൊക്കെ വാരിക്കഴിക്കാൻ തുടങ്ങിയാൽ സ്വാഭാവികമായും എല്ലാം തിരിച്ചുപോകും. അതല്ലാതെ ആ നിയന്ത്രണത്തിലാണ് നിൽക്കുന്നതെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ല. ജിമ്മിലൊന്നും പോയില്ലെങ്കിലും ആ ഭക്ഷണരീതിയും ജീവിതരീതിയുമെല്ലാം കൺട്രോൾ ചെയ്തുപോയാൽ ഇതേ ശരീരത്തിൽ തന്നെ കുറേനാൾ മുന്നോട്ടുപോകാൻ പറ്റും. അതിന് ജിം നിർബന്ധമൊന്നുമില്ല.


140ൽനിന്നും നിങ്ങൾക്ക് മാറാം

അമിതവണ്ണക്കാരോടും പൊണ്ണത്തടി കുറക്കാൻ കഷ്ടപ്പെടുന്നവരോടും പറയാനുള്ളത് നാളത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക, ഇന്നു തന്നെ തുടങ്ങുക എന്നാണ്. ഇന്നിപ്പോൾ ഇരുപത്തഞ്ചാം തിയതിയായി, ഇനി അടുത്തമാസം തൊട്ടുതുടങ്ങാമെന്നാകും ആൾക്കാര് ചിന്തിക്കുക. 25ന് പറ്റില്ലെങ്കിൽ 26 തൊട്ടുതന്നെ തുടങ്ങുക. എത്രനാൾ ജീവിച്ചിരിക്കുമെന്ന് നമ്മൾക്കറിയില്ലല്ലോ..

ബുധനാഴ്ച ജിമ്മിൽ പോയി വ്യാഴം ഒരു ദിവസം എന്തെങ്കിലും സാഹചര്യത്തിൽ മുടങ്ങിയാൽ അപ്പോൾ തീരുമാനിക്കും, ഇനി വെള്ളിയും ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച പോകാമെന്ന്. ഇതിന്റെയൊരു പ്രശ്നം, മൂന്നു ദിവസം നമ്മൾ അങ്ങനെ ഒന്നും ചെയ്യാതിരുന്നാൽ ശരീരത്തിന് പിന്നെ മടിയാകും. പോകാത്ത ദിവസം പോകട്ടെ, പിറ്റേന്നാൾ പോകണം. വീഴുന്നതിൽ പ്രശ്നമില്ല, വീണിടത്തുനിന്ന് എഴുന്നേൽക്കാതിരിക്കുന്നതാണ് വിഷയം.

ഞാൻ തന്നെ ഇടയ്ക്ക് നിർത്തിയിട്ടുണ്ട്, മടിപിടിച്ച്. എന്നാൽ, സ്വയം താൽപര്യമെടുത്ത് അത് റീക്കവർ ചെയ്യുകയാണ് ചെയ്തത്. ഒരു കോംപിറ്റിറ്റീവ് ബോഡിയാകണമെന്നില്ലെങ്കിലും അത്യാവശ്യം വൃത്തിയുള്ള രീതിയിലേക്ക് ഏതൊരു ബോഡിയും, 114 അല്ല 140 കിലോ ഭാരമുണ്ടെങ്കിലും മാറാനാകും. ഒരു വർഷമൊക്കെ എടുത്താൽ ഏതുതരത്തിലുള്ള ശരീരവും മാറ്റാൻ പറ്റും. നല്ല രീതിയിലുള്ള ബോഡി ഒരു വർഷം കൊണ്ടുതന്നെ ഉണ്ടാക്കിയെടുക്കാനാകും. അതിൽ സപ്ലിമെന്റേഷന്റെയൊന്നും ആവശ്യമില്ല. കൃത്യമായി ജീവിതരീതികളുണ്ടെങ്കിൽ ഒരു വർഷമൊക്കെ ഒരു മനുഷ്യന് കൂടുതലാണ്. പെട്ടെന്നുള്ള വമ്പൻ മാറ്റത്തിനു പോകുന്നതാണ് പ്രശ്നം. ഒന്നോ രണ്ടോ മാസം കൊണ്ട് ശരീരം പാടെ മാറ്റാൻ നോക്കുന്നത് പ്രശ്‌നമാകും. Effort, dedication, hardwork ഇതുമൂന്നുമുണ്ടെങ്കിൽ ശരീരം അതിനനുസരിച്ച് തിരിച്ചും സപ്പോർട്ട് ചെയ്യും.


ഇനി ഫിറ്റ്‌നസ് ട്രെയിനിങ്ങിലേക്ക്

ബംഗളൂരുവിലാണ് ഡിഗ്രി ചെയ്യുന്നത്. അവിടെ വിടിയുവിൽ ടെലികമ്മ്യൂണിക്കേഷനിലായിരുന്നു ഡിഗ്രി. ആ സമയത്താണ് ജിമ്മിലൊക്കെ പോയിത്തുടങ്ങുന്നത്. അന്ന് നമ്മുടെ നാട്ടിലൊന്നും ജിമ്മും പരിപാടിയുമൊന്നും ഇന്നത്തെപ്പോലെയുണ്ടായിരുന്നില്ല. പഠനം കഴിഞ്ഞ് ഫിറ്റ്‌നസ് ട്രെയിനിങ്ങിലേക്ക് തിരിയാനിരുന്നപ്പോഴാണ് അഫ്ഗാനിൽ ജോലി കിട്ടി പോകുന്നത്. ഫിറ്റ്‌നസ് ട്രെയിനിങ്ങും ജിമ്മുമൊക്കെയാണ് പാഷനെന്ന് മനസ്സിലാക്കിയാണ് പത്തുവർഷത്തിനുശേഷം അവിടത്തെ ജോലി രാജിവച്ച് നാട്ടിൽപോന്നത്. ഇപ്പോൾ സ്വന്തം ബോഡിയൊക്കെ ഫിറ്റായതോടെയാണ് നമ്മളുടെ അറിവും അനുഭവവും മറ്റുള്ളവർക്കും പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ഫിറ്റ് നേഷൻ എന്ന പേരിൽ പുതിയ ജിം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടു മുന്നോട്ടുപോകണമെന്നാണ് പ്ലാൻ.

TAGS :

Next Story