ചായപ്പൊടി വിറ്റ് ഫണ്ട് ശേഖരണം: കിട്ടിയത് മൂന്നു കോടി മാത്രം, ലക്ഷ്യം നേടാനാകാതെ വനിതാലീഗ്
സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച് നൽകിയ ടാർജറ്റ് ഒരു ജില്ലക്കും പൂർത്തീകരിക്കാനായില്ല

മലപ്പുറം: 333 രൂപ വിലയുള്ള ചായപ്പൊടി പാക്കറ്റ് വിറ്റ് പത്ത് കോടി രൂപ സമാഹരിക്കാനുള്ള വനിതാലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'ടീ ഗാല' പദ്ധതി പാളി. ലക്ഷ്യമിട്ടതിന്റെ 30 ശതമാനം മാത്രമേ വനിതാലീഗിന് സമാഹരിക്കാനായുള്ളൂ. നവംബർ ഒന്ന് മുതൽ മുപ്പത് വരെ നീണ്ട ചായപ്പൊടി വിൽപ്പന അവസാനിച്ചപ്പോൾ 3.04 കോടി രൂപ മാത്രമാണ് ലഭിച്ചത്. സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച് നൽകിയ ടാർജറ്റ് ഒരു ജില്ലക്കും പൂർത്തീകരിക്കാനായില്ല.
ലഭിച്ച മൂന്ന് കോടിയിൽ രണ്ട് കോടി ചായപ്പൊടി മൊത്തക്കച്ചവടക്കാരന് നൽകണം. ബാക്കിയുള്ള ഒരു കോടി രൂപയിൽ അമ്പത് ലക്ഷം സംസ്ഥാന കമ്മിറ്റിക്കാണ്. അമ്പത് ലക്ഷം രൂപ ജില്ലാ, മണ്ഡലം,പഞ്ചായത്ത്, ശാഖാ കമ്മിറ്റികൾ വീതം വെക്കും. കോഴിക്കോട്ട് സ്ഥലം വാങ്ങി സംസ്ഥാന കമ്മിറ്റി ഓഫീസും നേതാക്കൾക്കും പ്രവർത്തകർക്കും താമസിക്കാനുള്ള മുറികളും ഡോർമെറ്ററി സൗകര്യവുമെല്ലാം ഒരുക്കാനാണ് 'ടീ ഗാല' പദ്ധതികൊണ്ട് നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. പത്ത് കോടി രൂപ എന്തായാലും ലഭിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചിരുന്നു.
ചായപ്പൊടി മൊത്ത വ്യാപാരിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനും ചില നേതാക്കൾക്ക് കമ്മീഷൻ വാങ്ങാനുമുള്ള പദ്ധതിയാണെന്ന് ആരോപിച്ച് ഒരു വിഭാഗം എതിർപ്രചാരണം നടത്തിയിരുന്നു. ചായപ്പൊടി നൽകാതെ തന്നെ സംഭാവന പിരിക്കണമെന്ന അഭിപ്രായവും ഉയർന്നു. ഇതെല്ലാം ടീ ഗാല പദ്ധതി പാളാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ .
ചായപ്പൊടി വിറ്റ് 1.04 കോടി രൂപ ശേഖരിച്ച മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മുന്നിൽ . 76 ലക്ഷം ശേഖരിച്ച കോഴിക്കോട് രണ്ടാമതും 71 ലക്ഷം പിരിച്ചെടുത്ത കണ്ണൂർ മൂന്നാം സ്ഥാനത്തുമാണ്. പതിനായിരം രൂപ മാത്രം ശേഖരിച്ച വയനാട് ജില്ലയാണ് ഏറ്റവും പിറകിൽ.
പാലക്കാട് - 19.22 ലക്ഷം, തൃശൂർ - 8.39 ലക്ഷം, എറണാകുളം - 5.03ലക്ഷം,ഇടുക്കി - 3.74 ലക്ഷം,കാസർഗോഡ് -2.78ലക്ഷം,തിരുവനന്തപുരം-2.25 ലക്ഷം, ആലപ്പുഴ- 1.9ലക്ഷം,കൊല്ലം -1.76 ലക്ഷം, കോട്ടയം - 1.41ലക്ഷം, പത്തനംതിട്ട - 1.21ലക്ഷം, വയനാട് -10,656. എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക് .
മണ്ഡലം കമ്മിറ്റികളിൽ വള്ളിക്കുന്ന് ആണ് മുന്നിൽ . 15.92 ലക്ഷം രൂപയാണ് വള്ളിക്കുന്നില്‍ നിന്ന് ശേഷരിച്ചത്. മലപ്പുറം- 15.39, നാദാപുരം - 15.34, തളിപ്പറമ്പ് - 14.57 ലക്ഷം, ബാലുശ്ശേരി -10.93 ലക്ഷം എന്നിവയാണ് മുൻനിരയിലുള്ള മണ്ഡലങ്ങൾ .
ഫണ്ട് സമാഹരണത്തിനായി വ്യത്യസ്തമായ രീതികളാണ് മുസ്‍ലിം ലീഗും പോഷക സംഘടനകളും സമീപകാലത്ത് അനുവർത്തിക്കുന്നത്. 'ദോത്തി ചാലഞ്ച്' നടത്തിയാണ് യൂത്ത് ലീഗ് ഫണ്ട് സമാഹരണം നടത്തിയത്. മുസ്‍ലിം ലീഗിന്റെ ദേശീയ ആസ്ഥാനം നിർമിക്കാനായി ഓൺലൈൻ ഫണ്ട് സമാഹരണം നടത്തി 70 കോടിയോളം രൂപയും ശേഖരിച്ചിരുന്നു.
Adjust Story Font
16

