'തോറ്റത് ഞാനല്ല, നമ്മളെല്ലാവരുമാണെന്ന് അടുത്ത പാര്‍ട്ടി യോഗത്തില്‍ പറയണം': സ്വരാജിനോട് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
''ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ വിഭജനമുണ്ടാക്കാൻ വെള്ളാപ്പള്ളിയും മുനമ്പവും തരംപോലെ ഉപയോഗിക്കുന്ന പാർട്ടിയുടെ നെറികേടിനെയാണ് നിലമ്പൂർ തോൽപ്പിച്ചത്''

മലപ്പുറം: തോറ്റത് ഞാനല്ല, നമ്മളെല്ലാവരുമാണെന്ന് അടുത്ത പാര്‍ട്ടി യോഗത്തില്‍ എം.സ്വരാജ് പറയണമെന്ന് യൂത്ത് ലീഗ് ദേശീ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു.
'' തന്റെ 'വ്യക്തി'പരവും 'കുടുംബ'പരവും 'ലാവലിൻ'പരവുമായ കാരണത്താൽ ബഹു. മുഖ്യമന്ത്രീ, അങ്ങ് ആഭ്യന്തരവകുപ്പിനെ ആര്‍എസ്എസിന് ലീസിന് കൊടുത്തതിനെയാണ് നിലമ്പൂർ ജനത ജനത തോൽപ്പിച്ചത്. ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ വിഭജനമുണ്ടാക്കാൻ വെള്ളാപ്പള്ളിയും മുനമ്പവും തരംപോലെ ഉപയോഗിക്കുന്ന പാർട്ടിയുടെ നെറികേടിനെയാണ് നിലമ്പൂർ തോൽപ്പിച്ചത്'- ഫേസ്ബുക്ക് പോസ്റ്റില്‍ ഫൈസല്‍ ബാബു പറഞ്ഞു.
നിലമ്പൂരിലെ തോൽലിയുടെ കാരണങ്ങൾ വ്യക്തമാക്കിയാണ് ഫൈസൽ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു അതിനേക്കാൾ വലിയ ആഹ്ലാദം വേറെയില്ലെന്ന സ്വരാജിന്റെ കമന്റ് പങ്കുവെച്ചായിരുന്നു ഫൈസൽ ബാബുവിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്നെ തോൽപ്പിച്ചത് താലിബാനും- സംഘ് പരിവാറും, അടിപൊളി.
നാട്ടുകാരോട് ഇങ്ങനെയൊക്കെ കോമഡി പറഞ്ഞോളൂ. പക്ഷെ, പാർട്ടിക്കകത്ത് നിലമ്പൂരിലെ തോൽവിയെ സഗൗരവം വിലയിരുത്തുമെങ്കിൽ, ശ്രീ എം സ്വരാജ്, താങ്കൾ അടുത്ത പാർട്ടി യോഗത്തിൽ കട്ടക്ക് പറയണം; ''സഖാക്കളെ, നിലമ്പൂരുകാർ എന്നെയല്ല തോൽപ്പിച്ചത്. തോറ്റത് ഞാനല്ല. നമ്മളെല്ലാവരുമാണ്."
ഇത് കേട്ട് എല്ലാവരും ഞെട്ടില്ല. പക്ഷെ, തിരുവായ്ക്ക് എതിർവായ് കേട്ട് പരിചയമില്ലാത്ത 'ചക്രവർത്തി തിരുമനസ്സ്' എന്തായാലും ഞെട്ടും. എങ്കിലും സ്വരാജ്, താങ്കൾ സ്ഫുടം ചെയ്ത ആ ഭാഷയിൽ പറച്ചിൽ തുടരണം: തന്റെ 'വ്യക്തി'പരവും 'കുടുംബ'പരവും 'ലാവലിൻ'പരവുമായ കാരണത്താൽ ബഹു. മുഖ്യമന്ത്രീ.., അങ്ങ് ആഭ്യന്തരവകുപ്പിനെ RSS ന് ലീസിന് കൊടുത്തതിനെയാണ് നിലമ്പൂർ ജനത ജനത തോൽപ്പിച്ചത്..
ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വിഭജനമുണ്ടാക്കാൻ വെള്ളാപ്പള്ളിയും മുനമ്പവും തരംപോലെ ഉപയോഗിക്കുന്ന പാർട്ടിയുടെ നെറികേടിനെയാണ് നിലമ്പൂർ തോൽപ്പിച്ചത്. ന്യൂനപക്ഷ സമുദായത്തിന്റെ സ്ഥല-നിറ-വേഷ-സംഘടനാ പ്രതീകങ്ങളെ ചൂണ്ടിക്കാണിച്ച് സംഘപരിവാരം പോലും തോറ്റ് പോകുന്ന രീതിയിൽ സിപിഎം നടത്തുന്ന വർഗീയ വിഷ പ്രസരണത്തെയാണ് നിലമ്പൂർകാർ തിരിച്ചറിഞ്ഞ് തോൽപ്പിച്ചത്..
ഭൂരിപക്ഷം മുസ്ലിംങ്ങൾ താമസിക്കുന്ന മലപ്പുറം ജില്ല സ്വർണ്ണക്കടത്ത് / തീവ്രവാദ / രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ കേന്ദ്രമാണെന്ന് ദേശീയ മാധ്യമത്തിന് മുഖ്യമന്ത്രി തന്നെ നൽകിയ അഭിമുഖത്തോടുള്ള രോഷം തീർക്കാൻ നിലമ്പൂരുകാർക്ക് നമ്മളെ തോൽപ്പിച്ചേ മതിയാകൂ.
ഔദ്യോഗിക രേഖകളിൽ മലപ്പുറം ജില്ല കൊടും ക്രിമിനലുകളുടെ താവളമാണെന്ന് വരുത്തി തീർക്കാൻ നിരന്തരം വ്യാജ കേസുണ്ടാക്കിയ, RSS ക്വട്ടേഷനെടുത്ത, ഒരുന്നത പോലീസ് മേധാവിക്ക് കീഴ്‌വഴക്കങ്ങൾ മറികടന്നും സുരഷാകവചമൊരുക്കിയ ഭരണത്തലവനെ തോൽപ്പിക്കാൻ നിലമ്പൂര് കാത്തിരിക്കുകയായിരുനു..
പെൻഷനെ കൈക്കൂലിയായി ഉപയോഗിക്കരുതെന്ന്.., നികുതികൾ ഏറ്റി പാവങ്ങളെ പിഴിയരുതെന്ന്.., തെരുവിൽ മുടിമുറിച്ചും നിഞ്ചത്തടിച്ചും നിലവിളികളായി മാറിയ ആശാവർക്കർമാരെ മനുഷ്യരായിത്തന്നെ കാണണമെന്ന്.., വന്യമൃഗങ്ങളുടെ വായിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന്.., ഒടുക്കം എല്ലാ പാപവും ഒരു കിറ്റ് തന്ന് മറച്ച് പിടിക്കാൻ പറ്റില്ലെന്ന്.., നിലമ്പൂരിലെ ജനം മുഖ്യമന്ത്രിയോട് കടുപ്പിച്ച് പറഞ്ഞതിന്റെ ഫലമാണ് ഈ തോൽവി.
ശ്രീ പിണറായിക്കു ശേഷവും കേരളം കത്താതെ നിലനിൽക്കണം എന്ന നാട്ടുകാരുടെ നെഞ്ചുരുകിയ പ്രാർത്ഥനയുടെ ഉത്തരമാണ് നിലമ്പൂരിലെ നമ്മുടെ തോൽവിയെന്ന് സഖാക്കൾ കണ്ണ് തുറന്ന് കണ്ടേ പറ്റൂ. അത് കൊണ്ട് തോറ്റത് ഞാനല്ല. നമ്മളെല്ലാവരുമാണ്. ലാൽസലാം. സ്വരാജ്, താങ്കൾ പാർട്ടി ഫോറത്തിൽ ഇത്തരത്തിൽ പ്രകമ്പനം കൊള്ളിച്ച് പറയുമെന്ന പ്രതീക്ഷയോടെ
Adjust Story Font
16

