ജി.സുധാകരൻ എന്റെ നേതാവ്, ഉപദേശിക്കാൻ ഞാൻ ആളല്ല; സജി ചെറിയാൻ
സുധാകരൻ സാറിന് എന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ല. മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ

Photo|Special Arrangement
ആലപ്പുഴ: ജി.സുധാകരൻ തന്റെ നേതാവാണെന്നും താൻ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ. ഉപദേശിക്കാൻ താൻ ആളല്ലെന്നും സുധാകരൻ സാറിന് തന്നെക്കുറിച്ച് ഒരു തെറ്റിധാരണയുമില്ലെന്നും പറഞ്ഞ മന്ത്രി മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുതെന്നും പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ തങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും മന്ത്രി വ്യക്തമാക്കി.
ജി.സുധാകരൻ പാർട്ടിയുടെ ഭാഗമാണ്. സുധാകരൻ മുന്നിൽ നിന്ന് പാർട്ടിയെ നയിക്കുമെന്നും എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും സജി ചെറിയാൻ പ്രതികരിച്ചു. സജി ചെറിയാൻ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചുവെന്നും പുറത്താക്കിയെന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും ആരോപിച്ച് ജി. സുധാകരൻ രംഗത്തെത്തിയിരുന്നു.
പാർട്ടിയുമായി ചേർന്നുപോകണം എന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു ജി. സുധാകരൻ നടത്തിയത്. താൻ പാർട്ടിയോട് ചേർന്നല്ല പാർട്ടിക്ക് അകത്താണ് നിൽക്കുന്നതെന്നും സജി ചെറിയാൻ തന്നെ ഉപദേശിക്കാൻ വരേണ്ട എന്നുമാണ് ജി. സുധാകരൻ പറഞ്ഞത്. ഉന്നതസ്ഥാനത്ത് എത്തിയിട്ടും മാർക്സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാൻ സജി ചെറിയാന് കഴിയുന്നില്ലെന്നും മന്ത്രിസഭയിൽ നിന്ന് മാറ്റിയ ആളാണ് തന്നെ ഉപദേശിക്കാൻ വരുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു.
Adjust Story Font
16

