'ഗണേഷ് കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല'; ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എ.കെ ബാലന്‍
സമരം നടത്തുന്ന ദിവസം ശമ്പളം വേണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ലെന്നും ബാലന്‍

പാലക്കാട്: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. കെഎസ്ആര്‍ടിസി ജീവനക്കാർ സമരം ചെയ്യുന്നതിന് എതിരെ മന്ത്രി ഗണേഷ് കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല. സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ല. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബാലൻ പറഞ്ഞു.
കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും.സമരം നടത്തുന്ന ദിവസം ശമ്പളം വേണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല.പക്ഷേ പ്രക്ഷോഭത്തോടുള്ള എതിരായ പ്രസ്താവന ശരിയല്ലെന്നും ബാലന്‍ പറഞ്ഞു.
ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു. പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകൾ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു.
അതേസമയം, കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗണേഷ് കുമാറിന്‍റെ നിർദ്ദേശം സ്വന്തം മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയിൽ പോലും നടപ്പായില്ല. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല.ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി.
Adjust Story Font
16

