Quantcast

കോട്ടയത്ത് നായ്ക്കളുടെ സംരക്ഷണത്തിൽ വൻ കഞ്ചാവ് കച്ചവടം; പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപെട്ടു

എക്‌സൈസ് സംഘമെത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിടുകയാണ് ഇയാളുടെ രീതി. 'കാക്കി കണ്ടാൽ ആക്രമിക്കുക' എന്ന നിലയ്ക്കാണ് ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-09-25 08:05:34.0

Published:

25 Sep 2023 6:28 AM GMT

ganja trade under the protection of dogs accused ran away after seeing the police
X

കോട്ടയം: കുമാരനെല്ലൂരിൽ നായ്ക്കളുടെ സംരക്ഷണത്തിൽ വൻ കഞ്ചാവ് കച്ചവടം. കുമാരനെല്ലൂർ സ്വദേശിയായ റോബിന്റെ വീട്ടിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതിയായ റോബിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ നാല് മണിയോടെയാണ് പൊലീസും ലഹരിവിരുദ്ധ സംഘവും റെയ്ഡിനായെത്തിയത്. ഇതറിഞ്ഞ റോബിൻ ഓടിരക്ഷപെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറയുന്നു.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 13 നായ്ക്കളെ പ്രതി വീട്ടിൽ വളർത്തിയിരുന്നു. കുമാരനെല്ലൂർ കൊച്ചാലുംമൂട്ടിലെ ഒരു വാടകവീട് കേന്ദ്രീകരിച്ചാണ് റോബിന്റെ കഞ്ചാവ് കച്ചവടം. നായ്ക്കളെ വളർത്തുന്ന ഷെഡ്ഡിന്റെ ഭിത്തിയിൽ റോബിന്റെയും നായ്ക്കളുടേയുമടക്കം ചിത്രവും വരച്ചുവച്ചിട്ടുണ്ട്. ഏറെ ദുരൂഹമായ അന്തരീക്ഷത്തിലായിരുന്നു ഇയാളുടെ താമസം.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കഞ്ചാവ് വിൽപ്പന നടത്തിവരികയാണ് റോബിൻ. എക്‌സൈസ് സംഘമെത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിടുകയാണ് ഇയാളുടെ രീതി. വാടക കരാറിൽ ഡോഗ് ഹോസ്റ്റൽ എന്ന നിലയ്ക്ക് പട്ടികളെ വളർത്തിയാണ് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. രാത്രി വൈകിയും ഇവിടെ വലിയ ബഹളം കേൾക്കാമെന്നും ആളുകൾ വന്നുപോവാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പൂനെയിൽ താമസിക്കുന്ന ഒരാളുടെ കെട്ടിടമാണിത്.

മുമ്പും നിരവധി കേസുകളുള്ള റോബിനെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വീട്ടിൽ ഒരു നമ്പർ പ്ലേറ്റില്ലാത്ത കാറും കിടപ്പുണ്ട്. റോബിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. പ്രദേശവാസികളുമായി സഹകരണമില്ലാത്തയാളാണെന്നും ആരും കയറാതിരിക്കാൻ നായ്ക്കളെ തുറന്നുവിടുമെന്നും രാത്രി ഏഴ് മണിക്കു ശേഷമാണ് ഇവിടെ ആളുകൾ വരുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും പൊലീസും കുറച്ചുദിവസമായി അന്വേഷണം നടത്തിവരികയായിരുന്നെന്നും തുടർന്ന് ഇന്നലെ കോടതിയുടെ അനുമതി വാങ്ങി ഇന്ന് പുലർച്ചെ പരിശോധന നടത്തുകയായിരുന്നെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. പൊലീസിനെ കണ്ട് പ്രതി ഓടിരക്ഷപെട്ടു. ഇയാൾ ഒരു ഡോഗ് ട്രെയ്‌നർ ആയിട്ടാണ് പുറത്ത് അറിയപ്പെടുന്നത്. എന്നാൽ അതിന്റെ മറവിൽ കഞ്ചാവും മയക്കുമരുന്നും വിൽക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നായ്ക്കളുടെ ഉടമകളെ കണ്ടെത്തും. 'കാക്കി കണ്ടാൽ ആക്രമിക്കുക' എന്ന നിലയ്ക്കാണ് ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നത്. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഇത്രയും പട്ടികളുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അതിനാൽ പെട്ടെന്ന് പോയി പ്രതിയെ പിടികൂടാൻ സാധിച്ചില്ലെന്നും ഭാഗ്യംകൊണ്ട് ഉദ്യോഗസ്ഥർക്കൊന്നും പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




TAGS :

Next Story