ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകമെന്ന് ജിയോളജി വകുപ്പ്
ഏറ്റവും കൂടുതൽ നിയമലംഘനം ഇടുക്കി താലൂക്കിലാണ്

ഇടുക്കി: ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകമെന്ന് ജിയോളജി വകുപ്പ്. റോഡ്,കുളം നിർമാണങ്ങളുടെ മറവിൽ പാറ പൊട്ടിച്ച് കടത്തിയെന്ന് ജിയോളജി വകുപ്പ് വിവരാവകാശത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു. ഏറ്റവും കൂടുതൽ നിയമലംഘനം ഇടുക്കി താലൂക്കിലാണ്. കൂടുതൽ വിവരങ്ങൾ പങ്കുവെച്ചാൽ ഓഫീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും മൈനിങ് ആന്റ് ജിയോളജി വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
2022 മുതല്‍ വിവിധ താലൂക്കുകളിലായി വ്യാപകമായ രീതിയില്‍ അനധികൃത ഖനനവും പാറപൊട്ടിക്കലും മണ്ണെടുപ്പും നടന്നിട്ടുണ്ട് എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലാണ് ഏറ്റവും പ്രധാനമായി ഖനനം നടന്നിരിക്കുന്നത്.
കുളം നിർമ്മാണത്തിന്റെ മറവിലാണ് ജില്ലയിൽ വിവിധയിടങ്ങളിൽ പാറ പൊട്ടിച്ചു കടത്തിയത്. പാറ പൊട്ടിച്ച് കുളം നിർമിക്കാൻ അനുമതി നൽകിയത് ഒരാൾക്ക് മാത്രമായിരുന്നു. എന്നാൽ നിരവധിപേർ പാറ പൊട്ടിച്ചെന്നും ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും മൈനിങ് ആന്റ് ജിയോളജി വകുപ്പ് പ്രതികരിച്ചു.
അനധികൃത ഖനന വാർത്ത പുറത്തുവന്നതിന് പിന്നാലെ 10 ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ജോലിഭാരം പരിഹരിക്കാൻ എന്ന പേരിലാണ് സ്ഥലംമാറ്റം. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇവർക്ക് പകരം ഇടുക്കിയിൽ ആരേയും നിയമിച്ചിട്ടില്ല.
Adjust Story Font
16

