'കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈലും ലഹരിയും എറിയുന്നതിന് 1000 മുതൽ 2000 രൂപ വരെ കൂലി കിട്ടും'; പിടിയിലായ അക്ഷയ്‌യുടെ മൊഴി പുറത്ത്
'നേരത്തെ നിർദേശിക്കുന്നതനുസരിച്ച് ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നൽകുന്നത്'

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതൽ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് മൊഴി. കഴിഞ്ഞ ദിവസം പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് പൊലീസിന് മൊഴി നൽകിയത്. നേരത്തെ നിർദേശിക്കുന്നതനുസരിച്ച് ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നൽകുകയെന്നും അക്ഷയ് മൊഴി നൽകി.
ഇന്നലെയാണ് ജയിലിലെ മതിൽക്കെട്ടിനു പുറത്തുനിന്ന് മൊബൈൽ ഫോണും പുകയില ഉൽപന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നൽക്കുന്നതിനിടെ പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയിലിനുള്ളിലേക്ക് മൊബൈലും ലഹരി ഉൽപന്നങ്ങളും എറിഞ്ഞു നൽകുന്ന റാക്കറ്റിനെ കുറിച്ച് അക്ഷയ് പൊലീസിന് മൊഴി നൽകിയത്.
വാട്സ്ആപ്പ് വഴിയാണ് നിർദേശങ്ങൾ ലഭിക്കുക. സാധനങ്ങൾ എറിഞ്ഞു നൽകാൻ ആഴ്ചയിൽ ഒരു ദിവസം തിരഞ്ഞെടുക്കും. ആർക്കാണ് എറിഞ്ഞു നിൽക്കുന്നത് എന്ന് അറിയാനാവില്ല. എറിഞ്ഞു നൽകേണ്ട സ്ഥലത്തിന്റെ അടയാളം നേരത്തെ നിർദേശിക്കും. അവിടെക്കാണ് പൊതിക്കെട്ട് എറിയേണ്ടത്. ശ്രമം വിജയിച്ചാൽ ഗൂഗിൾ പേ വഴി പ്രതിഫലം ലഭിക്കും. സംഘത്തിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ട്. ഒന്ന് തടവുകാരുമായി നേരിട്ട് ബന്ധമുള്ളവർ. രണ്ട് ജയിലിനുള്ളിലേക്ക് സാധനങ്ങൾ എറിഞ്ഞു കൊടുക്കുന്നവർ.
സംഘത്തിലെ ഒരു കണ്ണി മാത്രമാണ് അക്ഷയ് എന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാൻ ശ്രമം തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ തടവുചാട്ടത്തിനുശേഷം ജയിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇതോടെയാണ് പുറത്തുനിന്ന് എറിഞ്ഞു നൽകുന്ന സംഘം സജീവമാകാൻ കാരണമെന്നാണ് സൂചന.
Adjust Story Font
16

