മാറാട് കലാപ അന്വേഷണം: 'അന്നത്തെ ബിജെപി നേതൃത്വം വേണ്ട വിധത്തിൽ ഇടപെട്ടില്ല, മഹേഷ് കുമാർ സിംഗ്ല കേന്ദ്ര ആഭ്യന്തര വകുപ്പിലെത്തിയത് വീഴ്ച'; ആരോപണവുമായി ജനം ടിവി മുൻ ചീഫ് എഡിറ്റർ
രാജീവ് ചന്ദ്രശേഖര്‍ ഇപ്പോൾ വന്നിട്ടേയുള്ളൂ. കാര്യങ്ങൾ കേന്ദ്രസർക്കാറിനെ ബോധ്യപ്പെടുത്തുന്നതിലും കാര്യക്ഷമമായ അന്വേഷണം കൊണ്ടുവരുന്നതിലും അതിന് മുമ്പുള്ള ബിജെപി നേതൃത്വം ഇടപെട്ടുവെന്ന് കരുതുന്നില്ല

- Updated:
2026-01-28 10:27:29.0

തിരുവനന്തപുരം: മാറാട് കലാപത്തില്‍ അന്നത്തെ ബിജെപി നേതൃത്വം വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്നും അന്ന് അന്വേഷണ കമ്മീഷൻ കുറ്റപ്പെടുത്തിയ മഹേഷ് കുമാര്‍ സിംഗ്ല പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പിൽ ഉദ്യോഗസ്ഥനായത് അവരുടെ വീഴ്ചയാണെന്നും ജനം ടിവി മുൻ ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബു.
മാറാട് കലാപത്തിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്തണമെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് അന്വേഷണ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ആ റിപ്പോർട്ട് പുറത്തുവന്നിട്ടും വർഷങ്ങളോളം ഇതിന് പുറത്ത് അടയിരുന്നു. കുമ്മനം രാജശേഖരൻ മാത്രമാണ് സംഘ്പരിവാർ സംഘടനകളില്‍ നിന്നും ഈ റിപ്പോർട്ട് നടപ്പാക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നും ശക്തമായി ആവശ്യപ്പെട്ടത്. 2014ൽ നരേന്ദ്ര മോദി സർക്കാർ വന്നതിന് ശേഷമാണ് സിബിഐ അന്വേഷണം വന്നത്. എന്നാൽ കലാപത്തിന് വേണ്ടിയുള്ള ധനസ്രോതസ് അടക്കമുള്ള ആവശ്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ഇപ്പോൾ വന്നിട്ടേയുള്ളൂ. കാര്യങ്ങൾ കേന്ദ്രസർക്കാറിനെ ബോധ്യപ്പെടുത്തുന്നതിലും കാര്യക്ഷമമായ അന്വേഷണം കൊണ്ടുവരുന്നതിലും അതിന് മുമ്പുള്ള ബിജെപി നേതൃത്വം ഇടപെട്ടുവെന്ന് കരുതുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ കാണുന്ന തരത്തിലുള്ള ചർച്ചയല്ല മാറാട്ട് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ഏറ്റവും കൂടുതൽ കെടുകാര്യസ്ഥത കാണിച്ച മഹേഷ് കുമാർ സിംഗ്ല എന്ന ഐപിഎസ് ഓഫീസർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായെന്നും അദ്ദേഹം പറഞ്ഞു. സിംഗ്ലയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന കാര്യം കേന്ദ്ര നേതൃത്വത്തിനെ ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന ബിജെപി നേതൃത്വമായിരുന്നുവെന്നും അതിനവർക്ക് കഴിഞ്ഞില്ലെന്നും ജി.കെ സുരേഷ് ബാബു പറഞ്ഞു. മഹേഷ് കുമാർ സിംഗ്ലയുടെ അച്ഛൻ ഈ കലാപത്തിന്റെ ഭാഗമാണെന്ന് കരുതുന്ന അബൂബക്കറെന്ന പോപുലർ ഫ്രണ്ട് നേതാവിന്റെ വ്യാപാരി പങ്കാളിയായിരുന്നുവെന്നും ഇവർ ഒരുമിച്ച് കോഴിക്കോട്ട് ബിസിനസ് നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
(2016 ഫെബ്രുവരി മുതൽ 2017 ഫെബ്രുവരി വരെ, രാജ്നാഥ് സിങ് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ഇൻ്റേണൽ സെക്യൂരിറ്റി സ്പെഷ്യൽ സെക്രട്ടറി ആയി മഹേഷ് കുമാർ സിംഗ്ല ഉണ്ടായിരുന്നു).
ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളുമായി സംഘ്പരിവാർ സഹയാത്രികനായ മാധ്യമ പ്രവർത്തകൻ രംഗത്തെത്തിയിരിക്കുന്നത്. അഡ്വ. പി.എസ് ശ്രീധരൻ പിള്ളയായിരുന്നു അക്കാലത്ത് ബിജെപി സംസ്ഥാന പ്രസിഡൻ്റ്.
Adjust Story Font
16
