Quantcast

'വിവാഹ വേളയിൽ ലഭിക്കുന്ന സ്വര്‍ണവും പണവും വധുവിന്‍റെ മാത്രം സ്വത്ത്'; ഹൈക്കോടതി

സുരക്ഷയെക്കരുതി സ്വർണവും പണവും ഭർത്താവും ഭർതൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ടെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    30 April 2025 1:02 PM IST

gold jewellery
X

കൊച്ചി: സ്ത്രീധനം നിയമംമൂലം നിരോധിച്ചതാണ്. സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്. എങ്കിലും ഇന്നും ഈ ദുരാചാരം നിലനിൽക്കുന്നുണ്ട്. പലരും വിവാഹവേളയിൽ വധുവിന് സ്വർണവും പണവും നൽകാറുണ്ട്. ഇത് വരനുള്ള സമ്മാനമാണോ? ഇവയുടെ അവകാശി ഭർത്താവും ഭർതൃവീട്ടുകാരുമാണാ? ഒരിക്കലുമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിവാഹവേളയിൽ വധുവിന് ലഭിക്കുന്ന സ്വർണവും പണവും 'സ്ത്രീക്കുള്ള ധനം' ആണെന്ന് ഹൈക്കോടതി പറഞ്ഞു. അത് വധുവിൻ്റെ മാത്രം സ്വത്താണ്. പലപ്പോഴും ഇത്തരം കൈമാറ്റങ്ങൾക്ക് രേഖയോ തെളിവോ ഉണ്ടാകാറില്ല. അതിനാൽ പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നുണ്ട്. ഗാർഹികപീഡന, സ്ത്രീധനപീഡന പരാതികളുടെയും വിവാഹമോചനത്തിൻ്റെയും ഘട്ടത്തിൽ ഉടമസ്‌ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികൾ നീതി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കൊച്ചി കളമശ്ശേരി സ്വദേശി രശ്മിയുടെ ഹരജിയിലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് സ്വർണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബകോടതി നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 59.5 പവൻ സ്വർണമോ, ഇതിന്റെ വിപണി വിലയോ തിരികെ നൽകാൻ ഹൈക്കോടതി ഭർത്താവിനോട് നിർദേശിച്ചു

സുരക്ഷയെക്കരുതി സ്വർണവും പണവും ഭർത്താവും ഭർതൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ടെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, സ്വന്തം ആഭരണങ്ങളിൽ തൊടാനുള്ള അവകാശം പോലും വധുവിന് നിഷേധിക്കപ്പെടുകയാണ്. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് തെളിവ് ഹാജരാക്കാൻ കഴിയാറില്ല. അതിനാൽ ക്രിമിനൽ കേസിലെന്ന പോലെ കർശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നത് കർശന നടപടിക്രമങ്ങൾക്ക് അപ്പുറം സത്യത്തെയും അതിന്‍റെ യഥാർഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹവേളയിൽ സ്വർണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതുകാരണം രേഖയുണ്ടാകാറില്ല. ഈ സാഹചര്യം മുതലാക്കി ഭർത്താവും ഭർതൃവീട്ടുകാരും അത് കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു. 2010ൽ കല്യാണ സമയത്ത് വീട്ടുകാർ തനിക്ക് 63 പവൻ സ്വർണവും ഭർത്താവിന് 2 പവൻ്റെ മാലയും നൽകിയതായി ഹരജിക്കാരി വാദിച്ചു. ബന്ധുക്കൾ സമ്മാനമായി 6 പവനും നൽകിയിരുന്നു. താലി മാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്ന് പറഞ്ഞ് ഭർതൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി.

പിന്നീട് 5 ലക്ഷം രൂപ കൂടി നൽകാത്തതിന്‍റെ പേരിലാണ് ബന്ധം വഷളായത്. മാതാപിതാക്കൾ സ്ഥിരനിക്ഷേപമിട്ടിരുന്ന തുകയ്ക്ക് വാങ്ങിയ സ്വർണമാണെന്ന് ഇതെന്ന് ഹരജിക്കാരി തെളിവുനൽകിയിരുന്നു. വാദം കേട്ട ശേഷം സാധ്യതയുടെ മുൻതൂക്കം ഹരജിക്കാരിക്കാണെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് സ്വർണമോ, തത്തുല്യമായ വിപണി വിലയോ നൽകാൻ കോടതി ഉത്തരവിട്ടത്. അതേസമയം, വീട്ടുസാമഗ്രികൾ വിട്ടുനൽകണമെന്ന ഹരജിയിലെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.

TAGS :

Next Story