Quantcast

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ കേസ്; വിദേശത്ത് നിന്ന് സ്വർണം എത്തിച്ചയാൾ പിടിയിൽ

വയനാട് സ്വദേശി അഷ്‌കർ അലിയാണ് കസ്റ്റംസിനു മുന്നിൽ കീഴടങ്ങിയത്

MediaOne Logo

Web Desk

  • Published:

    31 Oct 2022 1:28 AM GMT

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ കേസ്; വിദേശത്ത് നിന്ന് സ്വർണം എത്തിച്ചയാൾ പിടിയിൽ
X

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാന കമ്പനി ജീവനക്കാരുടെ സഹായത്തോടെ സ്വർണം കടത്തിയ കേസിൽ വിദേശത്തുനിന്ന് സ്വർണം എത്തിച്ചയാൾ കൂടി പിടിയിലായി. വയനാട് സ്വദേശി അഷ്‌കർ അലിയാണ് കസ്റ്റംസിനു മുന്നിൽ കീഴടങ്ങിയത്. കേസിൽ ഇത് വരെ 5 പേർ പിടിയിലായെങ്കിലും മുഖ്യ സൂത്രധാരനടക്കം മൂന്ന് പേർ ഒളിവിലാണ്.

വിമാനകമ്പനി ജീവനക്കാരുടെ സഹായത്തോടെ കടത്താൻ ശ്രമിച്ച 2.25 കോടി രൂപ വില വരുന്ന 4.9 കിലോഗ്രാം സ്വർണം സെപ്റ്റംബർ 12 നാണ് കസ്റ്റംസ് പിടികൂടിയത്. പിന്നാലെ വിമാനകമ്പനി ജീവനക്കാരായ കെ.വി സാജിദ് റഹ്മാൻ, കെ.പി. മുഹമ്മദ് സാമിൽ ഖൈസ് എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എന്നാൽ ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് സ്വർണമെത്തിച്ച അഷ്‌കർ അലി ഒളിവിലായിരുന്നു. ഒളിവിലിരിക്കെ നേപ്പാൾ അതിർത്തി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം മൂലം സാധിച്ചില്ല. കാഠ്മണ്ഡു വിമാനത്താവളം വഴി ഇന്ത്യക്കാർക്ക് ഇപ്പോൾ മറ്റു വിദേശരാജ്യങ്ങളിൽ സഞ്ചരിക്കാൻ എൻ.ഒ.സി വേണമെന്നാണ് പുതിയ നിബന്ധന. കേസിൽ ഉൾപ്പെട്ടതിനാൽ അഷ്‌കർ അലിക്ക് എൻ.ഒ.സി ലഭിച്ചില്ല. ഇതോടെയാണ് ഇയാൾ കസ്റ്റംസിന് മുന്നിൽ കീഴടങ്ങിയത്.

60000 രൂപക്കാണ് സ്വർണം കരിപ്പൂരിൽ എത്തിച്ചതെന്നും സ്വർണമടങ്ങിയ ബാഗ് വിമാനത്താവളത്തിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാനാണ് തനിക്ക് നൽകിയ നിർദേശമെന്നും അഷ്‌കർ കസ്റ്റംസിന് മൊഴി നൽകി. ദുബായിൽ നിന്ന് ഷബീബ് , ജലീൽ എന്നിവരാണ് സ്വർണമേൽപിച്ചതെന്നും അഷ്‌കർ മൊഴി നൽകിയിട്ടുണ്ട്.

അഷ്‌കർ അലി ഉൾപ്പെടെ കേസിൽ ഇതുവരെ 5 പേർ അറസ്റ്റിലായി. മുഖ്യ സൂത്രധാരനടക്കം ഇപ്പോഴും ഒളിവിലാണ്. കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റിയാസ്, കൊടുവള്ളി സ്വദേശികളായ ഷബീബ് ഹുസ്സൈൻ, ജലീൽ എന്നിവരാണ് ഒളിവിൽ കഴിയുന്നത്. നേരത്തെ മുഖ്യ സൂത്രധാരൻ റിയാസിനെ പിടികൂടാൻ കസ്റ്റംസ് ശ്രമിച്ചെങ്കിലും ഇയാൾ വാഹനമുപയോഗിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് ആഡംബര കാറിൽ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിൽ കരിപ്പൂർ പൊലീസും റിയാസിനെതിരെ കേസെടുത്തിട്ടുണ്ട്.

TAGS :

Next Story