Quantcast

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ വിഹിതം വൈകുന്നു; പൂര്‍ത്തീകരണം വൈകുമെന്ന് ആശങ്ക

ഫണ്ടിന്‍റെ കുറവ് കൊണ്ട് പദ്ധതി നിര്‍മാണം ഒരു ദിവസം പോലും നിലക്കില്ലെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    2 Feb 2024 8:04 AM IST

vizhinjam port project,kerala,breaking news malayalam,വിഴിഞ്ഞം പദ്ധതി,തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ ,വിഴിഞ്ഞം ഫണ്ട്,
X

തിരുവനന്തപുരം: സര്‍ക്കാര്‍ വിഹിതം വൈകുന്നത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ വേഗതയെ ബാധിക്കുമെന്ന് ആശങ്ക. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുന്നതിലും അനിശ്ചിതത്വം. ഫണ്ടിന്‍റെ കുറവ് കൊണ്ട് പദ്ധതി നിര്‍മാണം ഒരു ദിവസം പോലും നിലക്കില്ലെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ മീഡിയവണിനോട് പറഞ്ഞു. സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം മെയ് മാസം നിര്‍മാണം പൂര്‍ത്തിയാക്കി ഡിസംബറിനുള്ളില്‍ വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മാണത്തിനായി 2454 കോടി രൂപയാണ് അദാനി പോര്‍ട്ട് വഹിക്കേണ്ടത്. 1635 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം. പുലിമുട്ട് നിര്‍മാണത്തിനും മത്സ്യ ബന്ധന തുറമുഖത്തിന്റെ നിര്‍മാണത്തിനുമായി സംസ്ഥാനം പിന്നെയും 1754 കോടി അനുവദിക്കണം. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട വിജിഎഫ് തുക നല്‍കിയിട്ടില്ല. നിര്‍മാണ ആവശ്യത്തിനായി ഇതുവരെ 707 കോടി രൂപ മാത്രമാണ് സംസ്ഥാനം കൈമാറിയത്. അദാനി പോര്‍ട്സ് 4000 കോടി രൂപയിലധികം തുറമുഖത്തിനായി വിനിയോഗിക്കുകയും ചെയ്തു. കിട്ടേണ്ട തുക ഉടനെ അനുവദിക്കണമെന്നാവശ്യവുമായി സര്‍ക്കാരിനെ നിരന്തരം സമീപിക്കുകയാണ് നിര്‍മാണ കമ്പനി.

വിജിഎഫ് തുക ലഭ്യമാക്കിക്കൊടുക്കാനും സംസ്ഥാനമാണ് മുന്നിട്ട് ഇറങ്ങേണ്ടത്. ഇതിനായി ത്രികക്ഷി കരാര്‍ ഉണ്ടാക്കണം. അതും മന്ദഗതിയിലാണ്. അടിയന്തരമായി വേണ്ട 100 കോടി രൂപ അദാനി പോര്‍ട്സിന് അനുവദിക്കാന്‍ ധനവകുപ്പുമായി ധാരണയായെന്നും മന്ത്രി പറഞ്ഞു.


TAGS :

Next Story