Quantcast

മുനമ്പം കമ്മീഷനെ തുടരാൻ അനുവദിക്കണമെന്ന സർക്കാർ അപ്പീലിൽ ഉത്തരവ് ഇന്ന്

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധി പറയുക

MediaOne Logo

Web Desk

  • Updated:

    2025-04-07 02:58:05.0

Published:

7 April 2025 7:33 AM IST

മുനമ്പം കമ്മീഷനെ തുടരാൻ അനുവദിക്കണമെന്ന സർക്കാർ അപ്പീലിൽ ഉത്തരവ് ഇന്ന്
X

കൊച്ചി: മുനമ്പം വിഷയത്തിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെ തുടരാൻ അനുവദിക്കണമെന്ന സർക്കാർ അപ്പീലിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുക.

പൊതു താൽപര്യം മുൻനിർത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യൽ കമ്മീഷണർ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സർക്കാർ വാദിച്ചിരുന്നു. മുനമ്പത്തെ പ്രശ്നപരിഹാരങ്ങൾക്കു പോംവഴികൾ ഉണ്ടെന്നും ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി സംബന്ധിച്ച കേസില്‍ മുനമ്പം നിവാസികളെ കക്ഷി ചേർക്കുന്നത് സംബന്ധിച്ച് വഖഫ് ട്രൈബ്യൂണല്‍ ഇന്ന് വിധി പറയും. മുനമ്പത്തുള്ള ഫാറൂഖ് കോളജിന്റെ ഭൂമി വഖഫാണെന്ന വഖഫ് ബോർഡിന്റെ ഉത്തരവിനെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് നല്കിയ ഹരജിയിലാണ് മുനമ്പം നിവാസികള്‍ കക്ഷി ചേരണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വഖഫ് ബോർഡിന്റെയും സർക്കാരിന്റെയും മുനമ്പം നിവാസികളുടെയും വാദം കഴിഞ്ഞ സിറ്റിങ്ങുകളില്‍ വഖഫ് ട്രൈബ്യൂണല് കേട്ടിരുന്നു. വഖഫ് സംരക്ഷണ സമിതി, വഖഫ് സംരക്ഷണ വേദി തുടങ്ങിയവരുടെ കക്ഷി ചേരാനുള്ള ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു.



TAGS :

Next Story