വാടകതുക മൂന്ന് മാസമായി കിട്ടുന്നില്ല; വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരോട് സർക്കാർ അവഗണന
ഉരുൾപൊട്ടലിൽ വീടും കൃഷിയിടവുമെല്ലാം പൂർണമായും നഷ്ടമായ നിരവധി കുടുംബങ്ങളാണുള്ളത്

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരോട് സർക്കാരിന്‍റെ അവഗണന തുടരുന്നു. വീടും സ്ഥലവും നഷ്ടമായി വാടക വീട്ടിലേക്ക് മാറിയവർക്ക് സർക്കാർ നൽകുന്ന വാടക തുക മൂന്ന് മാസമായി ലഭിക്കുന്നില്ല. ഉരുൾപൊട്ടലിൽ വീടും കൃഷിയിടവുമെല്ലാം പൂർണമായും നഷ്ടമായ നിരവധി കുടുംബങ്ങളാണുള്ളത്. അവർക്കായി ഒരു പ്രത്യേക പാക്കേജും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള തിരക്കിട്ട ശ്രമത്തിലായിരുന്നു മണ്ണാർകുന്നേൽ ജെയിംസ് ജോസഫ്. അതിനായി ലോണെടുത്ത് വീട് നിർമിക്കുന്നതിനിടയിലാണ് ഉരുൾ പൊട്ടലുണ്ടായത്. വീടിനുള്ളിലൂടെ വെള്ളവും കല്ലും കുത്തിയൊലിച്ചു. കണ്ട സ്വപ്നങ്ങളെല്ലാം ഇല്ലാതായി. വാടക വീട്ടിലാണ് താമസം. മൂന്ന് മാസമായി വാടക ലഭിക്കുന്നുമില്ല. വാടക കിട്ടാത്തതിനെ തുടർന്ന് പലരും വീട്ടിലേക്ക് തിരിച്ചെത്തി. സാങ്കേതിക കാര്യം പറഞ്ഞ് വാടക നിഷേധിക്കുന്നതായും പരാതിയുണ്ട്.
വിലങ്ങാട് 12 വീടുകളാണ് പൂർണമായും തകർന്നത്. 35 വീടുകൾ വാസയോഗ്യമല്ലാതായി. വയനാടിന് നൽകുന്ന എല്ലാ സഹായവും വിലങ്ങാടിനും നൽകുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ അതും പ്രഖ്യാപനം മാത്രമായി നിൽക്കുകയാണ്.
Adjust Story Font
16

