ഹൈക്കോടതിയുടെ കൊടിതോരണ വിമർശനം മറികടക്കാൻ നിയമ നിർമാണത്തിനൊരുങ്ങി സർക്കാർ
കൊല്ലം നഗരത്തിൽ ഫ്ളക്സും കൊടിയും സ്ഥാപിച്ചതിന് സിപിഎമ്മിന് കോർപ്പറേഷൻ മൂന്നരലക്ഷം രൂപ പിഴയിട്ടത്തിന് പിന്നാലെയാണ് പ്രതികരണം

കൊല്ലം: ഹൈക്കോടതിയുടെ കൊടിതോരണ വിമർശനം മറികടക്കാൻ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ. അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതിന് ഉചിതമായ നിയമങ്ങൾ നാട്ടിൽ ആവശ്യമാണെങ്കിൽ അത്തരം നിയമനിർമാണങ്ങളെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി പി.രാജീവ് മീഡിയവണിനോട് പറഞ്ഞു. കൊല്ലം നഗരത്തിൽ ഫ്ളക്സും കൊടിയും സ്ഥാപിച്ചതിന് സിപിഎമ്മിന് കോർപ്പറേഷൻ മൂന്നരലക്ഷം രൂപ പിഴയിട്ടത്തിന് പിന്നാലെയാണ് പ്രതികരണം.
ഹൈക്കോടതി വിധി ലംഘിച്ചതിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് സിപിഎമ്മിന് കോടതിയുടെ പഴി കേൾക്കേണ്ടി വരുന്നത്. വഞ്ചിയൂരിൽ റോഡിൽ പന്തൽ കെട്ടിയതിന് സംസ്ഥാന സെക്രട്ടറിക്ക് തന്നെ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നു. നിയമലംഘനത്തിന് കണ്ണൂരിൽ ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്ന ഹരജി കോടതിയുടെ പരിഗണനയിലാണ്. പിന്നാലെയാണ് ഇന്നലെ കൊല്ലത്തിന്റെ പേരിലും സിപിഎമ്മിനെ കോടതി രൂക്ഷമായി വിമർശിച്ചത്.
തൊട്ട് പിന്നാലെ എൽഡിഎഫ് ഭരിക്കുന്ന കൊല്ലം കോർപ്പറേഷൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് പിഴ അടക്കാൻ നോട്ടീസ് നൽകി. അനുമതിയില്ലാതെ 20 ഫ്ലെക്സ് ബോർഡും 2500 കൊടിയും കെട്ടിയതിന് മൂന്നര ലക്ഷം ലക്ഷം പിഴ അടക്കണമെന്നാണ് നിർദേശം. പൊതുനിരത്തിലെ കൊടി തോരണങ്ങളുടെ പേരിൽ തുടർച്ചയായി തിരിച്ചടി നേരിട്ടതോടെ ഹൈക്കോടതി വിധി മറികടക്കാൻ നിയമം നിർമ്മാണം കൊണ്ടുവരുമെന്ന സൂചന നൽകുകയാണ് മന്ത്രി പി രാജീവ്. അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതിന് ഉചിതമായ നിയമങ്ങൾ നാട്ടിൽ ആവശ്യമാണെങ്കിൽ അത്തരം നിയമനിർമാണങ്ങളെ കുറിച്ചും സർക്കാർ ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Adjust Story Font
16

