കശുവണ്ടി വികസന കോർപറേഷൻ അഴിമതി; പ്രോസിക്യൂഷൻ അനുമതി നൽകാൻ തെളിവില്ലെന്ന് സർക്കാർ
വ്യക്തമായ തെളിവില്ലെന്ന നിലപാട് ആവർത്തിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. വ്യക്തമായ തെളിവില്ലെന്ന നിലപാട് ആവർത്തിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കോർപറേഷൻ എംഡി കെ.എ രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ.
മുൻ സർക്കാർ ഉത്തരവുകൾ യുക്തിസഹമായി നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നും അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കി. 2006 മുതൽ 2015 കാലഘട്ടത്തിൽ കശുവണ്ടി വാങ്ങിയത് സ്‌റ്റോർ പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നും തോട്ടണ്ടി സീസണൽ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ സർക്കാർ തന്നെയണ് അനുമതി നൽകിയതെന്നുമാണ് സർക്കാരിന്റെ വാദം.
ലാഭത്തേക്കാൾ ഉപരി പരമ്പരാഗത കശുവണ്ടിത്തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ഇറക്കുമതി വഴി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനാണ് ബോർഡ് ശ്രമിച്ചത്. 2005 മുതൽ 2015 വരെ 222 മുതൽ 288 വരെ പ്രതിവർഷം തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞു. ഇതിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചു, ഇത് കൃത്യവിലോപമോ വഞ്ചനയോ അല്ല. തോട്ടണ്ടി ഇറക്കുമതി ചെയ്യാനുളള തീരുമാനം വ്യവസായ ധനകാര്യ വകുപ്പുകളും ട്രേഡ് യൂണിയുകളും ഐക്യകണ്‌ഠേന എടുത്തതാണെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ബോർഡ് എടുത്ത തീരുമാനങ്ങളിൽ അഴിമതി കണ്ടെത്താനാകില്ല. സർക്കാർ നയം നടപ്പാക്കുക മാത്രമാണ് പ്രതികളായ ആർ.ചന്ദ്രശേഖരനും പി.എ രതീഷും ചെയ്തത്. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ സിബിഐയുടെ പക്കലില്ല. ഔദ്യോഗിക ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവില്ല. ഫണ്ട് വകമാറ്റിയതിനോ സാമ്പിൾ നടപടി ക്രമങ്ങളിലോ ക്രമക്കേട് നടന്നതായി തെളിവില്ല. മതിയായ തെളിവുകളില്ലാതെ ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Adjust Story Font
16

