സിപിഐയുടെ എതിർപ്പിനെ തള്ളി പി.എം ശ്രീ പദ്ധതിയിൽ ചേരാന്‍ സര്‍ക്കാര്‍; ഒപ്പിടാൻ സമ്മതമറിയിച്ചു
സിപിഐയുടെ എതിർപ്പിനെ തുടർന്ന് നേരത്തെ പലതവണ സര്‍ക്കാര്‍ തീരുമാനം മാറ്റിയിരുന്നു

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ പദ്ധതിയിൽ ചേരാൻ കേരളം.പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനംസംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.സിപിഐയുടെ എതിർപ്പ് തള്ളിയാണ് സർക്കാർ തീരുമാനം. സിപിഐയുടെ എതിർപ്പിനെ തുടർന്ന് നേരത്തെ പലതവണ തീരുമാനം മാറ്റിയിരുന്നു. രണ്ടുവർഷമായി സമഗ്ര ശിക്ഷാ കേരളക്ക് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് സർക്കാർ ശ്രമം.
കേന്ദ്രസർക്കാര ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടല്ലോ എന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, പി എം ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തി. സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു. പിഎം ശ്രീയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയത്തിന്റെ സമീപനം ഇല്ലാതാകുമോ എന്ന ആശങ്കയുണ്ട്. എതിർപ്പറയിക്കേണ്ടയിടത്ത് അറിയിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
2022ലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ തുടക്കം മുതൽക്കേ കേരളമടക്കം ബിജെപി ഇതര സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർത്തിരുന്നു. പദ്ധതിയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതാണ് ഇതിന് കാരണം.
പദ്ധതിയില്‍ ചേരാതിരുന്ന കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട് തരില്ലെന്നാണ് കേന്ദ്രസർക്കാർ ഇതിനു മറുപടി നൽകിയത്. കരാർ ഒപ്പിടുന്നത് സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നു എന്നായിരുന്നു നേരത്തെ സർക്കാറെടുത്ത നിലപാട് നിലപാട്. മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ചു കൊണ്ടുള്ള നിയമ പോരാട്ടം ആലോചിക്കുന്നതായും മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീയിൽ ചേരുന്നത് സംബന്ധിച്ച് കടുത്ത എതിർപ്പാണ് സിപിഐ മന്ത്രിമാർ ഉയർത്തിയിരുന്നത്. നയപരമായി വേണ്ടെന്നു തീരുമാനിച്ചത് പിന്നെ പരിഗണിക്കേണ്ട കാര്യം എന്താണ് എന്ന് സിപിഐ മന്ത്രിമാർ ചോദിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ മറികടന്നാണ് സര്‍ക്കാറിന്‍റെ പുതിയ തീരുമാനം.
Adjust Story Font
16

