Quantcast

'നോട്ടീസ് ലഭിച്ചവർ സ്ഥാനത്ത് തുടരാൻ അർഹരല്ല'; വി.സിമാർക്കെതിരെ നടപടിയിൽ ഉറച്ച് ഗവർണർ

യു.ജി.സി അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കൽ നടപടിയിലേക്ക് കടക്കും

MediaOne Logo

Web Desk

  • Updated:

    2024-02-28 06:32:24.0

Published:

28 Feb 2024 3:43 AM GMT

arif mohammad khan
X

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന നടപടിയിൽ ഉറച്ച് ചാൻസലർ. യു.ജി.സി അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കൽ നടപടിയിലേക്ക് കടക്കും.

ഈ ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാണ് ആലോചന. ശ്രീനാരായണ ഗുരു ഓപ്പൺസർവകലാശാല വി സി മുബാറക് പാഷയുടെ രാജി അംഗീകരിക്കില്ലെന്നും രാജ്ഭവൻ അറിയിച്ചു. അയോഗ്യനായ ആൾക്ക് രാജി വയ്ക്കാൻ കഴിയില്ലെന്നാണ് വിശദീകരണം. ഹിയറിങ്ങിന് എത്താത്തതിനാൽ ഒന്നും ബോധിപ്പിക്കാൻ ഇല്ല എന്ന് കണക്കാക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു.

ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് വി സിമാരുടെ ഹിയറിങ് രാജ്ഭവനിൽ വച്ച് നടന്നത്. യോഗത്തിൽ ഡിജിറ്റൽ സർവകലാശാല സജി ഗോപിനാഥ് നേരിട്ടും കാലിക്കറ്റ് -സംസ്കൃത വിസി മാർക്ക് വേണ്ടി അഭിഭാഷകരും ഹാജരായി. എസ് എൻ വി സി മുബാറക്ക് പാഷ ഹിയറിങ്ങിന് എത്തിയിരുന്നില്ല. ഹിയറിങ്ങിനു ശേഷവും വിസിമാർക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. നാല് പേർക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ല.

നിയമനത്തിൽ സുപ്രിംകോടതി ഉത്തരവിൻെറ ലംഘനമുണ്ടായെന്ന് ഹിയറിങ്ങിൽ പങ്കെടുത്ത യുജിസി പ്രതിനിധികളും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം രേഖാമൂലം വേണമെന്ന് ഗവർണർ യുജിസിയുടെ ആവശ്യപ്പെട്ടു. ഈ മറുപടി ലഭിക്കുന്ന മുറയ്ക്കാകും പുറത്താക്കൽ നടപടികളിലേക്ക് കടക്കുക. രാജി നൽകിയെങ്കിലും അച്ചടക്കനടപടിയിൽ നിന്നും മുബാറക്ക് പാഷയെ ഒഴിവാക്കാൻ ഗവർണർ തയ്യാറല്ല. അയോഗ്യനായ വ്യക്തിക്ക് രാജി നൽകാൻ കഴിയില്ല. അതുകൊണ്ടുതന്നെ രാജിക്കത്ത് സ്വീകരിക്കില്ല എന്ന നിലപാടിലാണ് ചാൻസിലർ. ഈയാഴ്ച അവസാനത്തോടുകൂടി നടപടികൾ പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആലോചന.


TAGS :

Next Story