Quantcast

ഗവർണർ - സർവകലാശാല പോര് മുറുകുന്നു; പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന്

സർവകലാശാല നിലപാട് എന്ത് തന്നെ ആയാലും വി സിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ഗവർണറുടെ തീരുമാനം.

MediaOne Logo

Web Desk

  • Published:

    27 Sep 2022 12:48 AM GMT

ഗവർണർ - സർവകലാശാല പോര് മുറുകുന്നു; പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന്
X

തിരുവനന്തപുരം: വിസി നിയമനത്തിൽ ഗവർണർ - കേരള സർവകലാശാല പോര് മുറുകുന്നു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് സർവകലാശാലയുടെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേരും. ഗവർണറുടെ അന്ത്യശാസനവും ഇതിൻമേലുള്ള നടപടികളും യോഗത്തിൽ വിഷയമാകും. സർവകലാശാല നിലപാട് എന്ത് തന്നെ ആയാലും വസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ഗവർണറുടെ തീരുമാനം.

സെനറ്റ് പ്രതിനിധി വൈകിയതിനെ തുടർന്ന് യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മറ്റി രൂപീകരിച്ചത്. ഒക്ടോബർ 24 ന് വിസിയുടെ കാലാവധി അവസാനിക്കുന്നതിനാൽ സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുൻപ് നിർദേശിക്കണമെന്ന് കേരള വി സിയെ അറിയിച്ചു. എന്നാൽ സെർച്ച്‌ കമ്മിറ്റിക്കെതിരെ പ്രമേയം പാസാക്കിയ പശ്ചാത്തലത്തിൽ വീണ്ടുമൊരു സെനറ്റ് യോഗം വിളിക്കുന്നതിൽ പ്രസക്തിയില്ലെന്നായിരുന്നു വി സി യുടെ മറുപടി. ഈ നിലപാടിലെ അതൃപ്തി സൂചിപ്പിച്ചു കൊണ്ടാണ് എത്രയും വേഗം പ്രതിനിധിയെ കണ്ടെത്തണമെന്ന് ഗവർണർ വീണ്ടും സർവകലാശാലക്ക് അന്ത്യശാസനം നൽകിയത്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരുന്നത്.

ഗവർണറുടെ നിലപാടിൻ മേൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്യും. നിയമോപദേശം തേടുന്നതിനെ കുറിച്ചും ആലോചിക്കും.

എന്നാൽ, സർവകലാശാലയുടെ എതിർപ്പുകൾക്കിടയിലും വി സി യെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് രാജ് ഭവൻ. ആദ്യപടിയായി അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സെർച്ച് കമ്മിറ്റി കൺവീനർക്ക് നിർദേശം നൽകി. അടുത്തമാസം കാലാവധി അവസാനിക്കുന്ന സെർച്ച്‌ കമ്മറ്റി ആവശ്യമെങ്കിൽ ഒരു മാസത്തേക്ക് കൂടി ഗവർണർക്ക് നീട്ടാം.

TAGS :

Next Story