'കിണറ്റിലേക്ക് നോക്കിയ എന്നെ കുത്തി കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി'; നിര്‍ണായകമായത് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിലെ ജീവനക്കാരന്‍റെ ഇടപെടല്‍
വെറുത് ചെന്ന് നോക്കിയപ്പോള്‍ പമ്പ് തൂക്കിയിട്ട കയറിൽ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ഗോവിന്ദച്ചാമിയെയാണ് കണ്ടതെന്നും ഉണ്ണികൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു

കണ്ണൂര്‍: ജയില്‍ചാടിയ കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നാട്ടുകാര്‍ നല്‍കിയ നിര്‍ണായക വിവരം.വെള്ളിയാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ തിരിഞ്ഞ് നാട്ടുകാരും പൊലീസും നാടുമുഴുവന്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടയില്‍ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് പിടികൂടിയെന്ന് വാര്‍ത്തകള്‍ പരന്നു.എന്നാല്‍ പൊലീസ് അത് നിഷേധിച്ചു.
അധികം വൈകാതെ 10.30 ഓടെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇവിടെ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടെത് സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിലെ ജീവനക്കാരനായ ഉണ്ണികൃഷ്ണനാണ്. കിണറ്റിലേക്ക് നോക്കിയ എന്നെ കുത്തി കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയെന്നും ഉണ്ണികൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.
'ന്യൂസ് കണ്ട ഉടനെ ഓഫീസും പരിസരവുമെല്ലാം പരിശോധിച്ചതാണ്.പ്രതി ഒളിച്ചിരുന്ന കിണറും വന്ന് നോക്കിയിരുന്നു.പക്ഷേ അന്നേരം അവിടെ ആളൊന്നും ഇല്ല. 9.30 പോയപ്പോൾ കിണറ്റിലെ വലയെല്ലാം അതുപോലെയുണ്ടായിരുന്നു. പിന്നെ കേട്ടു പ്രതിയെ പിടികൂടിയെന്ന്..പക്ഷേ വെറുതെ ഒരു സംശയം തോന്നി വീണ്ടും കിണറിലേക്ക് എത്തിനോക്കി. കിണറിലെ പമ്പ് തൂക്കിയിട്ട കയറിൽ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ഗോവിന്ദച്ചാമിയെയാണ് കണ്ടത്. എന്ന കണ്ട പാട് അയാള്‍ വെള്ളത്തിൽ മുങ്ങി. ശ്വാസം കിട്ടാതായപ്പോൾ രണ്ടാമതും പൊങ്ങി. കുത്തിക്കൊല്ലുമെന്ന് എന്നെ ഭീഷണിപ്പെടുത്തി. നീ പോടോ എന്ന് പറഞ്ഞ് ആളുകളെ വിളിച്ചുകൂവി. ഇവിടെയെല്ലാം പൊലീസുണ്ടായിരുന്നു. എല്ലാവരും കൂടി ഓടിയെത്തി. 20 മിനിറ്റിനുള്ളില്‍ ഇയാളെ പുറത്തെടുത്തു..' ഉണ്ണികൃഷ്ണന്‍ പറയുന്നു.
Adjust Story Font
16

