Quantcast

സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം; അസാധാരണ നടപടിയെന്ന് വിമര്‍ശം, ന്യായീകരണവുമായി സെക്രട്ടറി

സർക്കാർ അക്കാദമിയോട് നേരിട്ട് ആവശ്യപ്പെട്ട് ചെയ്യിച്ചതാവാൻ വഴിയില്ല

MediaOne Logo

Web Desk

  • Published:

    3 July 2023 1:52 AM GMT

C.P Aboobacker
X

സി.പി അബൂബക്കര്‍

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി ഈ വർഷം പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഉൾപ്പെടുത്തിയത് അസാധാരണ നടപടിയാണെന്ന് എഴുത്തുകാരന്‍ വീരാന്‍കുട്ടി. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാൻ ഈ നടപടി ഇടയാക്കുമെന്നും സാഹിത്യ അക്കാദമി പ്രസ്തുത പുസ്തകങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വീരാന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ടെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ കുറിച്ചു. കേരള സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അബൂബക്കര്‍ പറയുന്നു.

വീരാന്‍കുട്ടിയുടെ കുറിപ്പ്

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി ഈ വർഷം പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഉൾപ്പെടുത്തിയത് അസാധാരണ നടപടിയാണ്.അക്കാദമികൾ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണാനുകൂലികളെ നിയമിച്ച് എതിർപ്പുകൾ ഏറ്റുവാങ്ങിയ മോഡി സർക്കാർപോലും സ്വന്തം ഭരണത്തിൻ്റെ പരസ്യത്തിനായി അക്കാദമിയുടെ പുസ്തകങ്ങളെ ഉപയോഗിച്ചതായി അറിയില്ല. ഇനി അതും സംഭവിച്ചുകൂടായ്കയില്ല. അതിനുള്ള മാതൃക കേരള സാഹിത്യ അക്കാദമി മുൻകൂട്ടി കാണിച്ചുകൊടുത്തിരിക്കുന്നു.സർക്കാർ അക്കാദമിയോട് നേരിട്ട് ആവശ്യപ്പെട്ട് ചെയ്യിച്ചതാവാൻ വഴിയില്ല. പകരം പാർട്ടി വക നിയമനം കിട്ടിയ ഭാരവാഹികളിലാരെങ്കിലും തൻ്റെ വിധേയത്വമറിയിക്കാൻ ചെയ്തതാവാനേ വഴിയുള്ളു. അക്കാര്യം അവർ വിശദമാക്കട്ടെ.ഇത് ഒരു പുസ്തകക്കവറിൻ്റെ പ്രശ്നമല്ല. അക്കാദമികളുടെ പരസ്യമായ രാഷ്ട്രീയവൽക്കരണത്തിൻ്റെയും സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴടങ്ങലിൻ്റെയും സൂചനയതിലുണ്ട്.ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാൻ ഈ നടപടി ഇടയാക്കും. അതിനാൽ സാഹിത്യ അക്കാദമി പ്രസ്തുത പുസ്തകങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സി.പി അബൂബക്കറിന്‍റെ കുറിപ്പ്

പുസ്തകങ്ങളില്‍ എംബ്ലം ചേര്‍ത്തതു സംബന്ധിച്ച്.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാരിന്‍റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഓരോരോ പ്രവര്‍ത്തനപരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണമായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം പിന്‍വശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്.

എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം.എല്‍.എ ശ്രീ പി. ബാലചന്ദ്രനാണ് ഉല്‍ഘാടനം ചെയ്തത്. എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചില സുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചില പ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അസ്വീകാര്യമാവുന്നുവെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്.

ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.

TAGS :

Next Story