എടവണ്ണയിലെ വീട്ടിൽനിന്ന് പിടികൂടിയ തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും
തോക്ക് ഉപയോഗിച്ചതിന്റെയും തിരകളുടെയും വിവരം ശേഖരിക്കും

മലപ്പുറം: എടവണ്ണയിലെ വീട്ടിൽനിന്ന് പിടികൂടിയ തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും.തോക്കുകൾ ഉപയോഗിച്ചതിന്റെയും, തിരകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് ലക്ഷ്യം.പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.എയർഗൺ വിൽപ്പന നടത്താനുള്ള ലൈസൻസിന് ഉണ്ണിക്കമ്മദ് അപേക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കാണ് തോക്കുകൾ അയക്കുക.
എടവണ്ണയിലെ ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്.200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെടുക്കുകയും ചെയ്തിരുന്നു.
വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്ന് രാവിലെ പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. കൽപ്പാത്തിയിൽ നിന്നായിരുന്നു വാഹനപരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്. മൃഗവേട്ടക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആയുധങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് മലപ്പുറം എടവണ്ണയിലേക്ക് എത്തിയത്.
രണ്ട് തോക്കുകൾ കൈവശംവെക്കാനുള്ള ലൈസൻസെ വീട്ടുടമയായ ഉണ്ണിക്കമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനേക്കാൾ കൂടുതൽ തോക്കുകളും തിരകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പല തരത്തിലുള്ള തോക്കുകളും മറ്റും കൈവശം വെക്കുന്നതും വില്‍ക്കുന്നതും ഹോബിയാണെന്ന് ഇയാള്‍ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
Adjust Story Font
16

