മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതോടെ ഹമാസ്, ഇസ്രായേൽ സംഘങ്ങൾ കെയ്‌റോ വിട്ടു
റഫ ആക്രമണ പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന ഇസ്രായേൽ നിലപാടാണ് ചർച്ചക്ക് തിരിച്ചടിയായത്

ദുബൈ: മധ്യസ്ഥ ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതോടെ ഹമാസ്,ഇസ്രായേൽ സംഘങ്ങൾ കെയ്‌റോവിട്ടു. റഫ ആക്രമണ പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന ഇസ്രായേൽ നിലപാടാണ് ചർച്ചക്ക് തിരിച്ചടിയായത്. ഹമാസ്, ഇസ്രായേൽ സംഘങ്ങൾ കെയ്‌റോയിൽ നിന്ന് മടങ്ങി.
റഫ ആക്രമണമാണ് ചർച്ച പരാജയപ്പെടാൻ കാരണമായതെന്നും കരാർ നിർദേശങ്ങളിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ഹമാസ് നേതാവ് ഇസ്സത്ത് അൽ റഷീഖ് അറിയിച്ചു. റഫയിൽ ആക്രമണം തുടരാൻ ഇസ്രായേൽ യുദ്ധക്കാബിനറ്റ് തീരുമാനിച്ചതും കൈറോ ചർച്ചക്ക് തിരിച്ചടിയായി.
റഫ ആക്രമണത്തിന് ആയുധങ്ങൾ കൈമാറില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡെൻറ പ്രതികരണത്തിൽ ശക്തമായ എതിർപ്പുമായി നെതന്യാഹു ഉൾപ്പെടെ ഇസ്രായേൽ നേതാക്കൾ. ഇന്ന് ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. സ്വന്തം നിലക്കു തന്നെ ഹമാസിനെ അമർച്ച ചെയ്യാൻ ഇസ്രായേലിനാകുമെന്ന് അമേരിക്കക്കുള്ള പരോക്ഷ മുന്നറിയിപ്പെന്നോണം നെതന്യാഹു പറഞു. ഹമാസിനെ പിന്തുണക്കുന്ന നിലപാടാണ് ബൈഡൻ സ്വീകരിക്കുന്നതെന്ന് മന്ത്രി ബെൻ ഗവിർ കുറ്റപ്പെടുത്തി.
എന്നാൽ വടക്കൻ അതിർത്തിയിൽ ഹിസ്ബുല്ലയെ നേരിടാൻ യു.എസ് പിന്തുണ അനിവാര്യമാണെന്ന നിലപാടിലാണ് ഗാൻറ്സ് ഉൾപ്പെടെ ചില മന്ത്രിമാരും സൈനിക നേതൃത്വവും. ഇസ്രായേലിനുള്ള ആയുധ കൈമാറ്റത്തിൽ അന്തിമ തീരുമാനമായില്ലെന്ന് പെൻറഗൺ. വ്യാപക ആക്രമണം ഇല്ലാതെ ഹമാസിനെ അമർച്ച ചെയ്യാനുളള ചില നിർദേശങ്ങൾ ഇസ്രായേലിന് നേരത്തെ കൈമാറിയതായും പെൻറഗൺ നേതൃത്വം.
ഗസ്സ തീരത്ത് അമേരിക്ക മുൻകൈയെടുത്ത് നിർമിച്ച താൽക്കാലിക തുറമുഖം ലക്ഷ്യമിട്ടുള്ള ആദ്യ കപ്പൽ സെപ്രസിൽ നിന്ന് പുറപ്പെട്ടു. തുറമുഖം മുഖേനയുള്ള സഹായവിതരണം ഹമാസ് തടയില്ലെന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക പ്രതികരിച്ചു.
അതേ സമയം മൂന്ന് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ വ്യക്താക്കി. 50 സ്പാനിഷ് സർവകലാശാലകൾ ഇസ്രായേൽ യൂനിവേഴ്സിറ്റികളുമായുള്ള ബന്ധം വിഛേദിച്ചു. വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് തെൽ അവീവിൽ ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം ഇന്നലെയും തുടർന്നു. വിവിധ രാജ്യങ്ങളിലുള്ള സർവകലാശാലയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധവും തുടരുകയാണ് .
Adjust Story Font
16

