Quantcast

'ആരോ പറയുന്ന വാക്കുകൾക്ക് തുള്ളിക്കളിക്കുന്ന കുരങ്ങന്മാരായി അവതരിപ്പിക്കുന്നത് നീതീകരിക്കാനാകില്ല'; ഹരിതയിലെ പെൺകുട്ടികൾ പറഞ്ഞത്

"ഹരിതയിലെ പെൺകുട്ടികൾ പ്രസവിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവർ പ്രത്യേകതരം ഫെമിനിസം വളർത്തുകയാണ് എന്നിങ്ങനെ ക്യാമ്പയിന്‍ നടക്കുന്നുണ്ട്"

MediaOne Logo

abs

  • Published:

    15 Sep 2021 8:25 AM GMT

ആരോ പറയുന്ന വാക്കുകൾക്ക് തുള്ളിക്കളിക്കുന്ന കുരങ്ങന്മാരായി അവതരിപ്പിക്കുന്നത് നീതീകരിക്കാനാകില്ല; ഹരിതയിലെ പെൺകുട്ടികൾ പറഞ്ഞത്
X

കോഴിക്കോട്: പെൺകുട്ടികളുടെ ആത്മാഭിമാനത്തിനു വേണ്ടിയാണ് സംസാരിക്കുന്നതെന്നും തങ്ങൾ നൽകിയ പരാതിയിൽ പാർട്ടിയിൽനിന്ന് നീതി കിട്ടിയില്ലെന്നും ഹരിത മുൻ ഭാരവാഹികൾ. വലിയ മാനസിക-ശാരീരിക സമ്മർദങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുൻ ഭാരവാഹികളായ മുഫീത തസ്‌നി, അഡ്വ. നജ്മ തബ്ഷീറ എന്നിവർ പറഞ്ഞു.

വാർത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ

  • പൊതുജനമധ്യേ ഞങ്ങൾ കള്ളികളാണ്, ധിക്കാരികളാണ്, പാർട്ടിയെ അനുസരിക്കാത്തവരാണ് എന്നുമൊക്കെയുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ട്. ഒരുപാട് വിഷയങ്ങൾ പറയുന്ന അഞ്ചു പേജുള്ള പരാതിയാണ് പാർട്ടിക്ക് നൽകിയിട്ടുള്ളത്. ജൂൺ 27നാണ് പരാതി നൽകിയത്. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയുമായ കബീർ മുതുപറമ്പ്, വിഎ വഹാബ് ചാപ്പനങ്ങാടി അടക്കമുള്ള ആളുകൾക്ക് ഹരിതയിലെ പെൺകുട്ടികളെ കുറിച്ച് വളരെ മോശമായി പറഞ്ഞു നടക്കുന്നുണ്ട്. അതൊരു ക്യാമ്പയിനായി തന്നെ നടക്കുകയാണ്. ഹരിതയിലെ പെൺകുട്ടികൾ പ്രസവിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവർ പ്രത്യേകതരം ഫെമിനിസം വളർത്തുകയാണ് എന്നിങ്ങനെയായിരുന്നു ക്യാമ്പയിൻ. തൊലിച്ചികൾ എന്നു വിളിച്ച് അധിക്ഷേപം കേട്ട വേളയിലാണ് പരാതിയുമായി പാർട്ടിയെ സമീപിക്കുന്നത്.
  • ഹരിതയുടെ പെൺകുട്ടികളെ നയിക്കുന്നത് ഒരു സൈബർ ഗുണ്ടയാണ് എന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞത്. അവരുടെ ഫേസ്ബുക്ക് പോസ്റ്റ് അടക്കമുള്ളവ എഴുതി നൽകുന്നതും ഈ സൈബർ ഗുണ്ടയാണ് എന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ഹരിതയിലുള്ള പല പെൺകുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും അവന്റെ കൈയിലുണ്ട്. പല പെൺകുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരും. ഞങ്ങളുടെ ഇത്രകാലത്തെ പ്രവർത്തനത്തെ റദ്ദ് ചെയ്യുന്ന പരാമർശമായി ഇത് കണക്കാക്കിയാണ് പാർട്ടിക്ക് കത്ത് നൽകിയത്.
  • സംസ്ഥാന പ്രവർത്തക സമിതിയിൽ പെൺകുട്ടികളുടെ പ്രതിനിധിയായ പ്രവർത്തകയെ 'വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാകും. ഹരിത പറയട്ടെ' എന്ന രീതിയിലാണ് അഭിസംബോധന ചെയ്തതാണ്. പാർട്ടിക്ക് പരാതി കൊടുത്ത് 50 ദിവസങ്ങൾക്ക ശേഷമാണ് വനിതാ കമ്മിഷനിൽ പരാതി നൽകുന്നത്.
  • ലീഗുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെയാണ് ഞങ്ങളുമായി കൂട്ടിക്കെട്ടുന്നത്. ഇയാൾ ഒരു സാമൂഹിക വിപത്താണ്. അദ്ദേഹത്തിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള ആളുകൾക്ക് ദൃശ്യത നൽകേണ്ടതില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾക്കുള്ള വിഷമം, നിങ്ങളടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അയാളുടെ കൈയിലുണ്ട് എന്നതാണെന്ന് നേതൃത്വം പറഞ്ഞു. ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്നത് എങ്ങനെ?
  • പരാതി കേൾക്കാൻ രണ്ടു യോഗം ചേർന്നിരുന്നു. പരാതിക്കാരെയും കുറ്റാരോപിതരെയും വിളിച്ച് അവരുടെ വേർഷൻ എടുത്തിരുന്നു. എല്ലാവരെയും കേട്ടു, ഇനി പിരിഞ്ഞു പോയ്‌ക്കോളൂ എന്ന നിർദേശമാണ് നേതൃത്വത്തിൽ നിന്നുണ്ടായത്. ഞങ്ങൾക്ക് പരിഹാരമാണ് വേണ്ടത് എന്നാവശ്യപ്പെട്ടപ്പോൾ ഇതിനുള്ളിൽ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് കിട്ടിയത്.
  • ഞങ്ങൾ കോഴിക്കോട് അങ്ങാടിയിൽ തെണ്ടിത്തിരിഞ്ഞ് നടക്കാൻ വേണ്ടി വരുന്നവരാണ് എന്നൊക്കെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന നേതാക്കൾ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ വലിയ വേദനയുണ്ടാക്കി. ഞങ്ങൾ ഉന്നയിച്ച ആത്മാഭിമാനം എന്ന പ്രശ്‌നത്തെ ഉൾക്കൊള്ളാൻ പലപ്പോഴും പാർട്ടി നേതൃത്വത്തിന് ആയിട്ടില്ല. എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ല. ഞങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും ഗ്രൂപ്പുകളുടെ ചട്ടുകങ്ങളാണ് ഞങ്ങളെന്നും പ്രചാരണങ്ങളുണ്ടായി. ആരോ പറയുന്ന വാക്കുകൾക്ക് തുള്ളിക്കളിക്കുന്ന കുരങ്ങന്മാരായി ഞങ്ങളെ അവതരിപ്പിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാകില്ല.
  • കഴിഞ്ഞ അഞ്ചു മാസമായി ഈ വിഷയങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഞങ്ങൾ അനുഭവിച്ച സൈബർ ആക്രമണങ്ങൾ തളർത്തിയിട്ടുണ്ട്. ഞങ്ങൾ കടന്നുവന്നിട്ടുള്ള വഴികൾ ഏറെ വേദന നിറഞ്ഞിട്ടുള്ളതാണ്.
  • ലീഗിന്റെ രാഷ്ട്രീയം ന്യൂനപക്ഷ രാഷ്ട്രീയമാണ്. വിശാലാർത്ഥത്തിൽ അത് സ്ത്രീകളെയും മുസ്‌ലിംകളെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഞങ്ങൾ ആ ആദർശത്തിൽ വിശ്വസിക്കുന്നു. ഈ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോയാൽ ജൻഡർ ഇഷ്യൂ പരിഹരിക്കപ്പെടും എന്ന് വിചാരിക്കുന്നില്ല.

TAGS :

Next Story