Quantcast

'പാർട്ടി തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത് ഉപജാപകവലയത്തില്‍പെട്ട ഉന്നതാധികാര സമിതി'; ലീഗ് നേതൃത്വത്തിന് രൂക്ഷവിമർശനവുമായി എംഎസ്എഫ് മുൻ നേതാക്കള്‍

സംഘടനയ്ക്കകത്ത് സ്ത്രീസൗഹൃദ അന്തരീക്ഷമുണ്ടാക്കണം. സ്ത്രീവിരുദ്ധ പ്രവണതകൾ പാർട്ടിക്കകത്ത് ഇല്ലാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണം-ലീഗ് നേതൃത്വത്തിന് അയച്ച കത്തില്‍ എംഎസ്എഫ് മുന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    2 Oct 2021 3:13 PM GMT

പാർട്ടി തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത് ഉപജാപകവലയത്തില്‍പെട്ട ഉന്നതാധികാര സമിതി; ലീഗ് നേതൃത്വത്തിന് രൂക്ഷവിമർശനവുമായി എംഎസ്എഫ് മുൻ നേതാക്കള്‍
X

മുസ്‍ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശവുമായി എംഎസ്എഫ് മുൻ നേതാക്കൾ. ഉപജാപകവൃന്ദത്തിന്റെ സ്വാധീനത്തിൽപെട്ട ഉന്നതാധികാര സമിതിയാണ് ലീഗിലെ എല്ലാ ചർച്ചകളും തീരുമാനങ്ങളുമെടുക്കുന്നതെന്ന് എംഎസ്എഫ് മുൻ നേതാക്കൾ. തിരുത്തൽ നിർദേശങ്ങളുമായി നേതൃത്വത്തിന് അയച്ച കത്തിലാണ് ഫാറൂഖ് കോളേജിലെ എംഎസ്എഫ് മുന്‍ നേതാക്കളുടെ രൂക്ഷവിമർശനം. രാഷ്ട്രീയം പറയേണ്ടിടത്ത് പാർട്ടി ചാരിറ്റികൊണ്ട് മുഖംമറക്കുകയാണ്. പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ സ്ഥാനം രാജിവച്ച് ഡൽഹിയിലേക്ക് പോയതും കാലാവധി പൂർത്തിയാക്കാതെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങിയതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കത്തിൽ പറയുന്നു.

2001-10 കാലയളവിൽ ഫാറൂഖ് കോളേജ് യൂനിയൻ ഭാരവാഹികളും എംഎസ്എഫ് നേതാക്കളും പ്രവർത്തകരുമടങ്ങുന്ന കൂട്ടായ്മയാണ് 'തിരുത്ത്-മുസ്‍ലിം ലീഗ് നേതാക്കള്‍ക്ക് സ്‌നേഹപൂര്‍വം' എന്ന പേരില്‍ നേതൃത്വത്തിന് 23 പേജുള്ള വിശദമായ കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും യുഡിഎഫ് മുന്നണിക്കുമുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് തിരുത്തൽവാദങ്ങളുമായി മുൻ നേതാക്കളുടെ കത്ത്.

എല്ലാ ചർച്ചകളും തീരുമാനങ്ങളും ഉന്നതാധികാര സമിതിയിൽ ഒതുങ്ങുകയാണ്. അടിത്തട്ടിലുള്ള പ്രവർത്തകരുടെ പൾസ് അറിയാത്ത, ഉപജാപകവൃന്ദങ്ങളുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതാണ് ഉന്നതാധികാര സമിതി. സംസ്ഥാന കമ്മിറ്റി, മണ്ഡലം കമ്മിറ്റികൾ, സാധാരണ പ്രവർത്തകർ തുടങ്ങിയവരുടെ അഭിപ്രായങ്ങളെല്ലാം അവഗണിക്കപ്പെടുന്നു. രാഷ്ട്രീയം പറയേണ്ടിടത്ത് ചാരിറ്റികൊണ്ട് മുഖംമറക്കുകയാണ്. സ്വത്വരാഷ്ട്രീയം മറന്ന് ചാരിറ്റിയുടെ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നത് ജനങ്ങളുടെയും പ്രവർത്തകരുടെയും ഇടയിൽ രാഷ്ട്രീയബോധം ഇല്ലാതാക്കാൻ കാരണമാകുന്നു-കത്തിൽ വിമർശിക്കുന്നു.

കുഞ്ഞാലിക്കുട്ടി എംഎൽഎ സ്ഥാനം രാജിവച്ച് ഡൽഹിയിലേക്ക് പോയതും കാലാവധി പൂർത്തീകരിക്കാതെ കേരളരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നതും നേതൃദാരിദ്ര്യമായും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയമായും പൊതുസമൂഹം കണ്ടു. ഇത് തെരഞ്ഞെടുപ്പിൽ കൃത്യമായി സ്വാധീനിക്കുകയും യുവ വോട്ടുകൾ വലിയ രീതിയിൽ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്തിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. പിവി അബ്ദുൽ വഹാബിന് വീണ്ടും അവസരം നൽകിയതിനെയും ദേശീയ വിഷയങ്ങളിൽ ഇടപെടുന്ന ധാരാളം ആളുകളുണ്ടായിട്ടും അബ്ദുസ്സമദ് സമദാനിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചതിനെയും കത്തിൽ വിമർശിക്കുന്നുണ്ട്.

സ്ത്രീകൾക്ക് രാഷ്ട്രീയവിദ്യാഭ്യാസം നൽകണം. ശാഖാതലം മുതൽ വനിതാലീഗ് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം. മുസ്‍ലിം ലീഗിലും പോഷക സംഘടനകളിലും മെമ്പർഷിപ്പിനനുസരിച്ച് സ്ത്രീകൾക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം. സ്ത്രീകൾക്ക് അർഹിച്ച പരിഗണന നൽകാതെ അവഗണിച്ച് പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്ക് അപമാനമുണ്ടാക്കരുത്. വനിതാ ലീഗ്, ഹരിത തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിന് ഊന്നൽനൽകണം. സംഘടനയ്ക്കകത്ത് സ്ത്രീസൗഹൃദ അന്തരീക്ഷമുണ്ടാക്കാൻ ശ്രദ്ധിക്കണം. അതിനു വേണ്ട പരിശീലനം നേതാക്കൾക്കും പ്രവർത്തകർക്കും നൽകണം. സ്ത്രീകളോട് മോശമായി പെരുമാറുന്ന സ്ത്രീവിരുദ്ധ പ്രവണതകൾ പാർട്ടിക്കകത്ത് ഇല്ലാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കത്തിലെ മറ്റു പ്രധാന നിരീക്ഷണങ്ങളും നിർദേശങ്ങളും

മത്സരരംഗത്തുനിന്ന് മാറിനിന്ന് സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധകൊടുക്കേണ്ട മുതിർന്ന നേതാക്കൾ പാർലമെന്ററി മോഹത്താൽ മത്സരിച്ചു. ഇത് തെരഞ്ഞെടുപ്പ് സമയത്തുപോലും വേണ്ട രീതിയിൽ സംഘടനാചലനത്തിന് വിഘാതമായി. പാർട്ടി ഭാരവാഹികളായ പ്രമുഖർ നിരന്തരമായി പാർലമെന്ററി സ്ഥാനങ്ങളിലേക്ക് വരുന്നതുമൂലം പാർട്ടി പ്രവർത്തനം പാർലമെന്ററി മോഹത്തിന് മാത്രമായി നിജപ്പെടുകയാണ്. തലമുറമാറ്റം അസാധ്യമാക്കുന്നു എന്ന ചിന്ത പ്രവത്തകരിലുണ്ട്.

കാലഘട്ടത്തിനനുസരിച്ച് കൂടുതൽ പ്രവർത്തകരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനുപകരം സ്വന്തം താൽപര്യം മാത്രം സംരക്ഷിക്കുന്ന ആളുകൾ വർഷങ്ങളോളം ഉത്തരവാദപ്പെട്ട സ്ഥാനമാനങ്ങൾ കൈയടക്കിവയ്ക്കുന്നു. പാർട്ടി പ്രത്യയശാസ്ത്രവും രാഷ്ട്രീയ നിലപാടുകളും മുൻനിർത്തി പാർട്ടിയെ ചലിപ്പിക്കുന്നതിനു പകരം നേതാക്കളോടുള്ള വ്യക്തിബന്ധത്തിലൂടെയും സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സിന്റെ സ്വാധീനത്തിലുമാണ് പാർട്ടി പ്രവർത്തിക്കുന്നത്. പാർട്ടി വളർത്താൻ ആഗ്രഹിക്കുന്ന ആത്മാർത്ഥ പ്രവർത്തകരെക്കാൾ പരിഗണന ലഭിക്കുന്നത് സമ്പത്തോ വ്യക്തി, ഗ്രൂപ്പ് താൽപര്യങ്ങളോ മുൻനിർത്തിയുള്ള ആളുകൾക്കാണ്.

തെക്കൻ കേരളത്തിലെ പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നു. പത്തനംതിട്ട പോലെയുള്ള ജില്ലകളിൽ ഒരു വാർഡ് കൗൺസിലർ പോലുമില്ല. മറ്റു മുസ്‍ലിം രാഷ്ട്രീയ പാർട്ടികൾ ലീഗിന്റെ സ്ഥാനം പിടിച്ചടക്കിയിരിക്കുകയാണ്. പല സമയങ്ങളിലും പാർട്ടിയുടെ സാമ്പത്തിക സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന വിധം മേൽഘടകങ്ങളിലെ സാമ്പത്തിക അച്ചടക്കത്തിന്റെയും സുതാര്യതയുടെയും അഭാവം ഇടക്കിടെ വെളിപ്പെടുന്നു. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ നെഗറ്റീവ് ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടുന്നു. കത്‌വ ഫണ്ടിൽ വരെ ഇത് കാണാൻ കഴിഞ്ഞു.

പാർട്ടി ഫണ്ട്, ബക്കറ്റ് പിരിവ് പോലുള്ള ജനകീയ പിരിവുകൾ മാറി പകരം വ്യക്തികൾ ഫണ്ട്‌റൈസർമാരോ സ്‌പോൺസർമാരോ ആകുന്നതും പാർട്ടിയിലൂടെ നേടിയ അധികാരം 30, 40 വർഷങ്ങൾ വരെ ആസ്വദിച്ച് അതിലൂടെയുള്ള ബന്ധങ്ങൾ കൊണ്ട് സ്വന്തമായി ഫണ്ട് ഉണ്ടാക്കുകയും അത് മാനദണ്ഡമാക്കി സ്ഥാനാർഥിത്വത്തിലും സംഘടനാ നേതൃനിരയിലും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു.

TAGS :

Next Story