Quantcast

വിദ്യാർഥി ജ്യൂസ് കുടിച്ച് മരിച്ച സംഭവം; 11 വർഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്

മരണത്തില്‍ ഒട്ടേറെ സംശയങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കുമടക്കം ഹരജിക്കാരന്‍ പല തവണ പരാതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ.

MediaOne Logo

Web Desk

  • Updated:

    2022-12-23 16:33:34.0

Published:

23 Dec 2022 3:40 PM GMT

വിദ്യാർഥി ജ്യൂസ് കുടിച്ച് മരിച്ച സംഭവം; 11 വർഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്
X

കൊച്ചി: ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ 11 വര്‍ഷത്തിനു ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 2011 മാര്‍ച്ച് 26ന് പുനലൂരിലെ ബേക്കറിയില്‍ നിന്നും ജ്യൂസ് വാങ്ങിക്കുടിച്ച റാണാ പ്രതാപ് സിങ് മരിച്ച കേസിലാണ് അന്വേഷണം സിബിഐയുടെ കൈയിലേക്ക് ഏൽപ്പിച്ചത്.

സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു. കേസ് രേഖകൾ സിബിഐയ്‌ക്ക് കൈമാറാനും പൊലീസിന് നിർദേശം നൽകി. 11 വര്‍ഷം കഴിഞ്ഞ കേസില്‍ സിബിഐ അന്വേഷണത്തിന് ആവശ്യമായ സാഹചര്യമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

എന്നാല്‍, മരണത്തില്‍ ഒട്ടേറെ സംശയങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കുമടക്കം ഹരജിക്കാരന്‍ പല തവണ പരാതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. എസ്എസ്എല്‍സി അവസാന പരീക്ഷ കഴിഞ്ഞ് പോകവെ റാണാ പ്രതാപ് സിങ്ങും സുഹൃത്തുക്കളും ചേര്‍ന്ന് കൊല്ലം പുനലൂരിലെ ബേക്കറിയില്‍ നിന്നാണ് ജ്യൂസ് വാങ്ങി കുടിച്ചത്.

ഒരു മണിക്കൂറിനുശേഷം, വൈകിട്ട് നാലരയോടെ വിദ്യാർഥി മരിക്കുകയായിരുന്നു. എന്നാൽ സുഹൃത്തുക്കള്‍ക്ക് പ്രശ്നമൊന്നും ഉണ്ടായില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ റാണായുടെ ആമാശയത്തില്‍ ഫോര്‍മിക് ആസിഡ് കണ്ടെത്തി. വിഷബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചത്.

എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് 2017 നവംബര്‍ 20ന് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ നരഹത്യയാണെന്ന ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ കൃത്യത വരുത്താനായില്ല. സഹപാഠികളെ സംശയിച്ചെങ്കിലും അവരുടെ പങ്കിന് കൃത്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സുധീന്ദ്ര പ്രസാദ് കോടതിയെ അറിയിച്ചിരുന്നു.

ഹരജി പരിഗണനയിലിരിക്കെ സുധീന്ദ്ര പ്രസാദ് മരിച്ചതിനെത്തുടര്‍ന്ന് മറ്റൊരു മകനായ ഛത്രപതി ശിവജിയെ ഹരജിക്കാരനാക്കി കക്ഷി ചേര്‍ത്താണ് കേസിൽ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

TAGS :

Next Story