Quantcast

സിസാ തോമസിന്റെ നിയമനത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി; മറുപടി നൽകാതെ ഗവർണർ

സിസാ തോമസിലേക്ക് ചാൻസലർ എങ്ങനെ എത്തിയെന്ന് തിങ്കളാഴ്ചക്ക് മുമ്പ്‌ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണം

MediaOne Logo

Web Desk

  • Updated:

    2022-11-25 12:27:09.0

Published:

25 Nov 2022 12:21 PM GMT

സിസാ തോമസിന്റെ നിയമനത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി; മറുപടി നൽകാതെ ഗവർണർ
X

കൊച്ചി: സാങ്കേതിക സർവകലശാല വി സിയായി ഡോ. സിസാ തോമസിനെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് ഹൈക്കോടതിയിലും വ്യക്തമാക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ . ഏത് പട്ടികയിൽ നിന്നാണ് സിസയുടെ പേരിലേക്ക് എത്തിയതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിട്ടും ഗവർണർ മറുപടി നൽകിയില്ല.സിസയെ എങ്ങനെ കണ്ടെത്തിയെന്ന് സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ ചാൻസലർക്ക് കോടതി നിർദ്ദേശം നൽകി. ഹരജിയിൽ തിങ്കളാഴ്ചയും വാദം തുടരും.

സാങ്കേതിക സർവകലശാല താത്കാലിക വിസി ആയി സിസ തോമസിനെ ഗവർണർ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് നിർണായക ചോദ്യങ്ങൾ കോടതി ഉയർത്തിയത്. സിസാ തോമസിനെ തെരഞ്ഞെടുത്തതെങ്ങനെ? സിസ തോമസിന്റെ യോഗ്യത എന്ത്? എന്ത് മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം തുടങ്ങിയ ചോദ്യങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉയർത്തി.

വിസി പദവി ഒഴിഞ്ഞുകിടക്കുന്നതിനാലാണ് താൽക്കാലിക നിയമനം നടത്തിയതെന്നായിരുന്നു ചാൻസലറുടെ മറുപടി. മറ്റ് സർവകലാശാലകളിലെ വിസിമാരെ എന്ത് കൊണ്ട് പരിഗണിച്ചില്ലെന്ന് കോടതി ചോദിച്ചെങ്കിലും വിസിമാർ സംശയ നിഴലിലാണെന്ന് ഗവർണർ പറഞ്ഞു. സർക്കാർ നൽകിയ രണ്ട് ശിപാർശയും അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ആശയവിനിമയം നടത്തണ്ടേ എന്ന ചോദ്യത്തിന് ചട്ടങ്ങളിൽ അക്കാര്യം വ്യക്തമാക്കുന്നില്ലെന്നായിരുന്നു മറുപടി. സിസയുടെ പേര് എങ്ങനെ കണ്ടെത്തിയെന്ന് ആവർത്തിച്ച് കോടതി ചോദിച്ചിട്ടും ഗവർണർ മറുപടി നൽകിയില്ല.

സിസാ തോമസിന്റെ യോഗ്യത സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയ കോടതി സീനിയോറിറ്റി ലിസ്റ്റ് ഹാജരാക്കാൻ നിർദേശം നൽകി. താത്കാലിക വിസിക്ക് യോഗ്യത ഉണ്ടെങ്കിൽ സർക്കാർ അത് അംഗീകരിക്കണം എന്നും യോഗ്യത ഇല്ലെങ്കിൽ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഹരജി തിങ്കളാഴ്ച ഉച്ചക്ക് വീണ്ടും പരിഗണിക്കും. അതിന് മുൻപ് സിസാ തോമസിലേക്ക് ചാൻസലർ എങ്ങനെ എത്തിയെന്നത് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണം. ജീവനക്കാരും വിദ്യാർഥികളും സഹകരിക്കുന്നില്ലെന്ന് സിസാ തോമസിന്റെ പരാതിയിൽ ഹൈക്കോടതി ഇടപെട്ടില്ല. സംസ്ഥാനത്തിന്റെ അധികാരം കയ്യാളുന്ന രണ്ട് കൂട്ടർ തർക്കത്തിലേർപ്പെടുന്നത് വിദ്യാർഥികളുടെ ഭാവിയെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.

TAGS :

Next Story