Quantcast

ശബരിമല കയറ്റത്തിൽ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടോ? സഹായവുമായി 19 എമർജൻസി മെഡിക്കൽ സെന്ററുകൾ

പമ്പ മുതൽ സന്നിധാനം വരെയുളള മല കയറുമ്പോൾ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകൾ നിസാരമായി കാണരുത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

MediaOne Logo

Web Desk

  • Published:

    19 Nov 2022 10:03 AM GMT

ശബരിമല കയറ്റത്തിൽ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടോ? സഹായവുമായി 19 എമർജൻസി മെഡിക്കൽ സെന്ററുകൾ
X

തിരുവനന്തപുരം: ശബരിമല കയറുമ്പോൾ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പമ്പ മുതൽ സന്നിധാനം വരെയുളള മല കയറുമ്പോൾ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകൾ നിസാരമായി കാണരുത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. എല്ലാ ഭാഷകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തു വരികയാണ്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ശബരിമല പാതകളിൽ 19 എമർജൻസി മെഡിക്കൽ സെന്ററുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നീലിമല താഴെ, നീലിമല മധ്യഭാഗം, നീലിമല മുകളിൽ, അപ്പാച്ചിമേട് താഴെ, അപ്പാച്ചിമേട് മധ്യഭാഗം, അപ്പാച്ചിമേട് മുകളിൽ, ഫോറസ്റ്റ് ക്യാമ്പ് ഷെഡ്, മരക്കൂട്ടം, ക്യൂ കോംപ്ലക്സ്, ശരംകുത്തി, വാവരുനട, പാണ്ടിത്താവളം, സ്വാമി അയ്യപ്പൻ റോഡിൽ ചരൾമേട് മുകളിൽ, ഫോറസ്റ്റ് മോഡൽ ഇ.എം.സി, ചരൽമേട് താഴെ, കാനന പാതയിൽ കരിമല എന്നിവിടങ്ങളിലാണ് എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കിയിട്ടുള്ളത്. കാനന പാതയിൽ വനംവകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിലും എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാണ്.

തളർച്ച അനുഭവപ്പെടുന്ന തീർത്ഥാടർക്ക് വിശ്രമിക്കുവാനും, ഓക്സിജൻ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷർ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീർഥാടകർക്കായി ആട്ടോമേറ്റഡ് എക്സറ്റേണൽ ഡിഫിബ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. പമ്പ ആശുപത്രി, നീലിമല, അപ്പാച്ചിമേട് കാർഡിയോളജി സെന്ററുകൾ, സന്നിധാനം ആശുപത്രി, സ്വാമി അയ്യപ്പൻ റോഡിലെ ചരൽമേട് ആശുപത്രി എന്നിവിടങ്ങളിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളും പ്രവർത്തിക്കുന്നുണ്ട്.

മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • എല്ലാ പ്രായത്തിലുമുള്ള തീർഥാടകരും സാവധാനം മലകയറണം.
  • ഇടയ്ക്കിടയ്ക്ക് വിശ്രമിക്കണം.
  • ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
  • മലകയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക.
  • ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയുള്ള തീർഥാടകർ മലകയറ്റം ഒഴിവാക്കുന്നതാണ് നല്ലത്.
  • ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ രക്താതി മർദമോ ഉള്ളവർ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
  • പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളുള്ള തീർഥാടകർ കഴിക്കേണ്ട മരുന്നുകൾ, ചികിത്സാരേഖകൾ എന്നിവ കരുതുക
  • സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുക
  • ആരോഗ്യ പ്രശ്നങ്ങളുള്ള തീർഥാടകർ തീർഥാടനത്തിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുക.
  • മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുമ്പ് മുതൽ ദിവസവും അരമണിക്കൂർ നടത്തം ശീലമാക്കി ശാരീരികക്ഷമത ഉറപ്പാക്കുന്നതും നല്ലതാണ്.

TAGS :

Next Story