Quantcast

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഹൃദയമെത്തിക്കാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?- ആരോഗ്യമന്ത്രി മറുപടി പറയുന്നു

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോട്ടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്.

MediaOne Logo

Web Desk

  • Published:

    25 Sep 2021 3:48 PM GMT

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഹൃദയമെത്തിക്കാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?- ആരോഗ്യമന്ത്രി മറുപടി പറയുന്നു
X

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് ആംബുലൻസ് മുഖാന്തിരം 7.15 ന് എത്തിച്ചതായും ശസ്ത്രക്രിയ ആരംഭിച്ചതായും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

അതേസമയം അടിയന്തര ആവശ്യങ്ങൾക്കായി കേരളം ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നിട്ടും എന്തുകൊണ്ട് എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഹൃദയമെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗിക്കാത്തതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വീണ ജോർജ്. ഇത്തരത്തിൽ ഹൃദയം മാറ്റിവെക്കാൻ 4 മണിക്കൂർ മുതൽ 6 മണിക്കൂറിനുള്ളിൽ (Cold ischemia time) ഹൃദയം എത്തിച്ചാൽ മതിയാകും. സാധാരണ 4 മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട അവസരങ്ങളിൽ മാത്രമേ എയർ ആംബുലൻസ് ഉപയോഗിക്കാറുള്ളൂവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വിമാന മാർഗം പോകുകയാണെങ്കിൽ എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്കും തുടർന്ന് കരിപ്പൂർ എയർപോർട്ടിൽ നിന്ന് കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്കും മാത്രമേ പോകാൻ കഴിയൂ. എയർപോർട്ടുകളിൽ കുറച്ച് സമയം പാഴാകാൻ സാധ്യതയുണ്ടെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി.

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ആംബുലൻസ് മുഖേന മൂന്നു മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് അതിനനുസരിച്ചുള്ള ഗ്രീൻ ചാനൽ ക്രമീകരണം സർക്കാർ ഒരുക്കിയിരുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

3 മണിക്കൂറും അഞ്ചു മിനിറ്റുമെടുത്താണ് ആംബുലൻസ് കോഴിക്കോട്ടെത്തിയത്. കൃത്യസമയത്ത് ആംബുലൻസ് എത്താൻ സഹായിച്ച കേരള പൊലീസ്, മറ്റ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി വീണ ജോർജ് അറിയിച്ചു.

അതേസമയം മന്ത്രി വിശദീകരിച്ചത് വിമാനം ഉപയോഗിക്കുന്ന സന്ദർഭമാണെന്നും റോഡിലുണ്ടാകുന്ന തടസങ്ങൾ ഒഴിവാക്കാൻ എന്തുകൊണ്ട് ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെന്നും ചോദ്യമുയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.

TAGS :

Next Story