ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി
വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്മിഷന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞു.
യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് നടപടികളിലേക്ക് കടക്കാം എന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കും. യുവതിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഡോക്ടർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന് പറഞ്ഞ ആരോഗ്യമന്ത്രി നടപടി ഉണ്ടാകുമെന്ന സൂചനയും നൽകി.
നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിൽ യുവതിയുടെ പേര് വിവരങ്ങളും രോഗ വിവരങ്ങളും വെളിപ്പെടുത്തിയത് സ്വകാര്യതയുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പരിശോധിക്കാമെന്ന് സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. സംഭവത്തിൽ യുവതി നേരത്തെ പ്രതിപക്ഷ നേതാവിന് പരാതി കൊടുത്തിരുന്നു. നിലവിൽ പൊലീസ് അന്വേഷണവും നടന്നുവരിക്കുകയാണ്. 2023 ലാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
Adjust Story Font
16

