Quantcast

വ്യാജ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടിയെടുക്കും: ആരോഗ്യമന്ത്രി

ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി

MediaOne Logo

Web Desk

  • Updated:

    2026-11-23 16:24:48

Published:

23 Nov 2026 9:50 PM IST

വ്യാജ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടിയെടുക്കും: ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: നിലവാരമില്ലാത്ത വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്നത് ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ നേതൃത്വത്തിൽ നിരീക്ഷിക്കാനും ഇവ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ പറയുന്നു.

വലിയ തുക പ്രതിഫലം വാങ്ങിയാണ് ഇൻഫ്ലുവൻസർമാർ തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രചാരം നേടുന്ന നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ശരീരത്തിന് സുരക്ഷിതമല്ല. അനുവദനീയമായതിലും കൂടുതൽ അളവിൽ രാസവസ്തുക്കളടങ്ങിയ ഫേസ് ക്രീമുകൾ സംസ്ഥാനത്ത് വ്യാപകമായി പ്രചാരത്തിലുണ്ടെന്നും, ഇത്തരം വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്ക് പരസ്യം നൽകുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

അംഗീകാരമില്ലാത്ത പ്രോട്ടീൻ പൊടികളുടെയും ഫേസ് ക്രീമുകളുടെയും വിൽപന തടയാൻ സംസ്ഥാനവ്യാപകമായി പരിശോധന നടത്താൻ മന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. മലപ്പുറത്ത് എഫ് ട്യൂൺ എന്ന പേരിലുള്ള ഫേസ്ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. വൃക്ക, കരൾ സംബന്ധമായ രോഗങ്ങൾക്കും ത്വക്ക് കാൻസറിനും ഇത്തരം ഉൽപ്പന്നങ്ങൾ കാരണമാകുന്നതായും ഡോക്ടർമാർ പറയുന്നു.

TAGS :

Next Story