സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
വരുന്ന രണ്ട് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് റവന്യു മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞു ഒരാളെ കാണാതായി. തൈവിളാകം വീട്ടില്‍ ആന്റണിയെയാണ് കാണാതായത്. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്,മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി. എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നിങ്ങനെ ഏഴ് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 31 ക്യാമ്പുകള്‍ ആരംഭിച്ചു. വരുന്ന രണ്ട് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് റവന്യു മന്ത്രി പറഞ്ഞു.
മധ്യകേരളത്തിലും വിവിധ ഇടങ്ങളില്‍ മഴയില്‍ വ്യാപക നാശനഷ്ടം. പെരിയാറിലെയും മൂവാറ്റുപുഴ, തൊടുപുഴ ആറുകളിലേയും ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കളമശ്ശേരി, ഏലൂര്‍, പറവൂര്‍,കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഏലൂര്‍, മൂവാറ്റുപുഴ മേഖലകളിലായി 40 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി. പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ടു. ഇടുക്കി നാളിയാനി കോഴിപ്പള്ളി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. തൊടുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി തൊടുപുഴ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വെള്ളം കയറി. തൃശ്ശൂരിലും കനത്ത മഴ തുടരുകയാണ്. ചാലക്കുടി പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ വിവിധ മേഖലകളില്‍ വെള്ളം കയറി. കപ്പത്തോട് കരകവിഞ്ഞൊഴുകി. റെയില്‍വേ അടിപ്പാത മുങ്ങി. വാഴച്ചാലില്‍ കാട്ടാന ഒഴുക്കില്‍പ്പെട്ടു. എരുമേലി മൂക്കന്‍പെട്ടി കോസ് വേയില്‍ വെള്ളം കയറി. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.
Adjust Story Font
16

