സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മുൻകരുതലിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്.ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിന്റെയും മുകളിലായി സ്ഥിതിചെയ്ത ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെയാണ് മഴ കനത്തത്. മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളം,തൃശൂർ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. പാലക്കാട് പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.
അതേസമയം, കനത്ത മഴ നാശം വിതച്ച ഹിമാചൽപ്രദേശിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇന്നും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി സുഖ്വേന്ദർ സിംഗ് സുകു ജില്ലാ കലക്ടർമാരുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ദുരിതബാധിതർക്ക് പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. ഇരുപതോളം പേരെ കാണാതായിട്ടുണ്ട്. ജമ്മു കശ്മീരിലെ മേഘ വിസ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. ശക്തമായ മഴയിൽ മൂന്നു പേരെ കാണാതായി. ഗുജറാത്തിലും ശക്തമായ മഴ തുടരുകയാണ്.
Adjust Story Font
16

