Quantcast

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; കൊച്ചിയില്‍ എം.പിമാരുടെ പ്രതിഷേധം

എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-05-26 11:33:34.0

Published:

26 May 2021 11:21 AM GMT

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; കൊച്ചിയില്‍ എം.പിമാരുടെ പ്രതിഷേധം
X

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് എം.പിമാരുടെ പ്രതിഷേധം. എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ലക്ഷദ്വീപിലെ ജനവിരുദ്ധ നടപടികൾ പിൻവലിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

ദ്വീപിനെ തകര്‍ക്കാനുള്ള നടപടികളിൽ നിന്ന് പിൻവാങ്ങണമെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് കൊച്ചി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകിയതിന് ശേഷമാണ് എംപിമാര്‍ ധര്‍ണ നടത്തിയത്. ലക്ഷദ്വീപില്‍ പുതുതായി നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എം.പിമാര്‍ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളെക്കുറിച്ച് സംഘപരിവാർ വ്യാജ പ്രചാരണം നടത്തുകയാണെന്നും എം.പിമാർ ആരോപിച്ചു.

പാര്‍ലമെ‍ന്‍റ് സമ്മേളനം തുടങ്ങിയാല്‍ അവിടെയും ഇതിനായി പൊരുതും. കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയുടെ കൂടെയാണ്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഇതുമായി ബന്ധപ്പെട്ട് കത്തുനല്‍കിയിട്ടുണ്ട്. വിഷയത്തെ നിയമപരമായി എങ്ങനെ നേരിടാമെന്നതില്‍ നിയമപണ്ഡിതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും എം.പിമാര്‍ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധപരിപാടികൾ നടന്നിരുന്നു. കോഴിക്കോട് ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റർ സബ് ഡിവിഷൻ ഓഫീസിനു മുമ്പിൽ കെ.എസ്.യു പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന് എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ഘടകം പരാതി നൽകിയിരുന്നു. തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനത്തിന് വിരുദ്ധമാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയെന്ന് ചൂണ്ടികാട്ടിയാണ് പരാതി.

TAGS :

Next Story