മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം
വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രം മൂന്നാഴ്ച സാവകാശം തേടിയിട്ടുണ്ട്

കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ കേന്ദ്രസർക്കാർ അധികാരം ഉപയോഗിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രം മൂന്നാഴ്ച സാവകാശം തേടിയിട്ടുണ്ട്.
വായ്പ എഴുതിത്തള്ളണമെന്ന് ദേശീയദുരന്തനിവാരണ അതോറിറ്റിക്ക് ശിപാർശ ചെയ്യാൻ അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. ദുരന്തനിവാരണ നിയമഭേദഗതിയിൽ പതിമൂന്നാം വകുപ്പ് ഒഴിവാക്കി എന്നതാണ് വിശദീകരണം. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ അതിരൂക്ഷവിമർശനം. വിഷയത്തിൽ കേന്ദ്രസർക്കാറിൻ്റെ നിലപാട് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാൻ ആവില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതോടെ ഭരണഘടനാപരമായി കേന്ദ്രസർക്കാറിന് വിവേചന അധികാരം ഉണ്ടെന്നും, രാജ്യത്തിനൊരു തുല്ല്യ നിയമമുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
ഇത് സംബന്ധിച്ച് കേന്ദ്രസർക്കാറിന് നടപടി സ്വീകരിക്കാൻ ആകുമെന്നും അല്ലെങ്കിൽ കേന്ദ്രസർക്കാർ അശക്തനാണെന്ന് പറയേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരൻ നമ്പ്യാർ, പി.എം മനോജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇതോടെ വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രം മൂന്നാഴ്ച സമയം തേടി. മുണ്ടക്കയച്ചൂരിൽ മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്നാണ് തുടക്കം മുതൽ കേന്ദ്രം സ്വീകരിക്കുന്ന നിലപാട്.
.
Adjust Story Font
16

