'എന്ത് സിസ്റ്റമാണ് ഇവിടുത്തേത്?'; സൂരജ് ലാമ കേസില്‍ പൊലീസിന് ഇന്നും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചപ്പോഴാണ് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്

കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ മരണത്തില്‍ പൊലീസിന് ഇന്നും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എവിടെയെന്ന് കോടതി ചോദിച്ചു. ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലീസ് മറുപടി നല്‍കി. എന്ത് സിസ്റ്റമാണ് ഇവിടുത്തേതെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് നേരത്തെ പരിഗണിച്ചപ്പോഴും കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.
കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സൂരജ് ലാമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി നെടുമ്പാശ്ശേരി എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് എസ്എച്ച്ഒ ഹാജരായപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എവിടെയെന്ന് കോടതി ചോദിച്ചത്.
സൂരജ് ലാമയെ കണ്ടെത്താന്‍ പൊലീസ് കൃത്യമായി നടപടി എടുത്തില്ലെന്ന് നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ജീവിക്കണമെങ്കില്‍ എന്തെങ്കിലും അധികാരം ആവശ്യമാണോയെന്നും ചോദിച്ചിരുന്നു. പൊലീസിനും മെഡിക്കല്‍ കോളജിനും വലിയ വീഴ്ചയുണ്ടായി. പൊലീസിന്റെ മൂക്കിന്‍തുമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ലാമയെ കാണാനില്ലെന്ന് മകന്‍ പരാതി കൊടുത്തിട്ടും പൊലീസിനും മെഡിക്കല്‍ കോളജിനും അനാസ്ഥയുണ്ടായെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഓര്‍മ നഷ്ടപ്പെട്ട അവസ്ഥയില്‍ കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയതായിരുന്നു സൂരജ് ലാമ. കുവൈത്ത് മദ്യദുരന്തത്തിലാണ് സൂരജ് ലാമക്ക് ഓര്‍മ ശക്തി നഷ്ടപ്പെട്ടത്. ഒക്ടോബര്‍ ആറാം തീയതി മുതലാണ് സൂരജ് ലാമയെ കാണാതാവുന്നത്. സൂരജ് ലാമയുടെ മകന്‍ കേരളത്തിലെത്തുകയും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീടും ഇയാള്‍ക്ക് വേണ്ടി പരിശോധന തുടര്‍ന്നിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
Adjust Story Font
16

