Quantcast

'ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് ഹൃദയത്തിൽ രക്തം പൊടിയുന്നു': സ്വമേധയാ കേസെടുക്കാൻ നിർദേശം നൽകി ഹൈക്കോടതി

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ കോടതി പ്രത്യേകം അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-09 10:02:38.0

Published:

9 May 2023 9:59 AM GMT

Tanur boat tragedy,  High Court, ഹൈക്കോടതി, താനൂര്‍ ബോട്ടപകടം, താനൂര്‍
X

കൊച്ചി: താനൂർ ബോട്ടപകടത്തിൽ ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് നിർദേശിച്ച കോടതി, പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ കോടതി പ്രത്യേകം അഭിനന്ദിച്ചു.

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായവരെ ഓർത്ത് ഹൃദയത്തിൽ നിന്നും രക്തം പൊടിയുകയാണെന്നായിരുന്നു സ്വമേധയാ പരിഗണിച്ച വിഷയത്തിൽ കോടതിയുടെ പരാമർശം. കേരളത്തിൽ ആദ്യമായല്ല ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോള്‍ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നു. പിന്നീട് ആ അപകടത്തെ തന്നെ മറക്കുന്നു. ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

22 പേർ കൊല്ലപ്പെട്ട അപകടത്തിന്‍റെ മൂല കാരണം കണ്ടെത്തണം. നിയമ ലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്നും കോടതി ചോദിച്ചു. നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ നിയമത്തെ കുറിച്ചുള്ള പേടി വരണം. സംസ്ഥാനത്ത് നൂറലധികം ബോട്ടുകളാണ് സർവീസ് നടത്തുന്നത്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രിക്ക് നിർദ്ദേശം നൽകി.

വെള്ളിയാഴ്ച കേസ് പരിഗണിക്കുന്ന ദിവസം ദുരന്തം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കലക്ടർക്ക് നിർദേശം. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ പ്രദേശവാസികളെയും കോടതി അഭിനന്ദിച്ചു. കേരളത്തിന്‍റെ യഥാർഥ സ്പിരിറ്റാണ് രക്ഷാപ്രവർത്തകർ കാണിച്ചതെന്നാണ് കോടതിയുടെ പരാമർശം. മഹാകവി കുമാരനാശാൻ മരിച്ച റെഡീമർ ബോട്ടപകടവും തട്ടേക്കാട്, കുമരകം ബോട്ട് ദുരന്തങ്ങളും മറക്കരുതെന്നും കോടതി പറഞ്ഞു.

TAGS :

Next Story