Quantcast

'ശബരിമലയിലെ സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണം'; ഹൈക്കോടതി

വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധനയ്ക്കും കോടതി ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2025-09-29 10:23:47.0

Published:

29 Sept 2025 11:43 AM IST

ശബരിമലയിലെ സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണം; ഹൈക്കോടതി
X

Photo| Special Arrangement

കൊച്ചി:ശബരിമലയിൽ നിർണ്ണായക നീക്കവുമായി ഹൈക്കോടതി.സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണമെന്ന് ഹൈക്കോടതി.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് ഉത്തരവിട്ടു.തിരുവാഭരണരജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം.. സ്വർണപ്പാളിയിലെ തൂക്കംകുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക നീക്കം.

മഹസറും മറ്റു രേഖകളും പരിശോധിച്ചതിൽ നിന്ന്, 1999 മുതലുള്ള ദേവസ്വം ബോർഡിൻറെ രജിസ്റ്ററുകളിൽ വ്യക്തതയില്ലെന്ന് വിമർശിച്ചാണ് ഹൈക്കോടതി നടപടി. സ്ട്രോങ്ങ് റൂമിലെ തിരുവാഭരണ സ്വത്തുക്കളുടെ കണക്കെടുക്കാനും, രേഖകൾ ഒത്തുനോക്കി വ്യക്തത വരുത്താനുമാണ് വിരമിച്ച ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ പരിശോധനക്ക് കോടതി ഉത്തരവിട്ടത്. സ്ട്രോങ്ങ് റൂമിലെ സ്വർണ്ണം ഉൾപ്പെടെയുള്ള വിലപ്പെട്ട വസ്തുക്കൾ പരിശോധിക്കണം. എത്ര അളവിൽ സ്വർണം ഉണ്ടെന്നും അതിൻ്റെ മൂല്യവും കണക്കാക്കണം. സ്വർണ്ണ പാളി ഉൾപ്പെട്ട ലോഹത്തിന്റെ ഭാരം കുറഞ്ഞ ക്രമക്കേടുകളിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം സമാന്തരമായി തുടരണമെന്നും കോടതി നിർദേശിച്ചു.

സ്പോൺസറിൽ മാത്രമായി അന്വേഷണം ചുരുങ്ങരുത്. അന്വേഷണത്തിൽ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്രമക്കേടുകളിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിൽ വരണം. നിലവിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ കൊണ്ടുവന്ന സ്വർണ്ണ പാളികൾ പുനഃസ്ഥാപിക്കാനും ഹൈക്കോടതി അനുമതി നൽകി.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കിമാറ്റിയതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക ശില്‍പ്പങ്ങള്‍ അറ്റകുറ്റ പണികൾ പൂര്‍ത്തിയാക്കി തിരികെ എത്തിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ ലോഹത്തിൻ്റെ 4.541 കിലോ ഗ്രാം ഭാരം കുറഞ്ഞുവെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ചീഫ് വിജിലൻസ് ഓഫീസറോട് സമഗ്ര അന്വേഷണം നടത്താൻ കോടതി നിർദേശിച്ചിരുന്നു.


TAGS :

Next Story