Quantcast

ശബരിമലയിൽ ‌സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേർക്ക് മാത്രം അവസരം

ശബരിമലയിലെ തിരക്കിൽ വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും മുന്നൊരുക്കങ്ങൾ നടത്താത്തതിലും രാവിലെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-11-19 13:45:18.0

Published:

19 Nov 2025 5:35 PM IST

High Court reduces spot bookings in Sabarimala
X

കൊച്ചി: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി. ദിവസേന 5000 പേർക്ക് മാത്രമായിരിക്കും അവസരം. തിങ്കളാഴ്ച വരെയാകും നിയന്ത്രണം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടൽ.

ശബരിമലയിലെ തിരക്കിൽ വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും മുന്നൊരുക്കങ്ങൾ നടത്താത്തതിലും രാവിലെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ ഉത്തരവിലാണ്, സ്പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയത്.

സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേർ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നിൽക്കുകയും തിരക്ക് വർധിക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിർദേശം.

സ്‌പോട്ട് ബുക്കിങ്ങിൽ കർശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേർക്കേ അവസരം നൽകൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേർക്ക് പാസ് നൽകും. വനംവകുപ്പായിരിക്കും പാസ് നൽകുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്പോട്ട് ബുക്കിങ് കുറയ്ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.

‌പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തിൽ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. 9‌0,000 പേരെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.

എന്നാൽ, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.



TAGS :

Next Story