'നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതുനിരത്തിൽ പാടില്ല'; കർശന നിർദേശവുമായി ഹൈക്കോടതി
ജോമോന്റെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

കൊച്ചി: സംസ്ഥാനത്ത് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ ഹൈക്കോടതിയുടെ കർശന നടപടി . നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതല്‍ പൊതുനിരത്തിൽ പാടില്ല. നിയമ വിരുദ്ധമായ ശബ്ദ സംവിധാനമുള്ള വാഹനങ്ങൾ കാമ്പസുകളിൽ പ്രവേശിക്കരുത്. ഇത്തരം വാഹനങ്ങൾ കണ്ടാൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ വടക്കഞ്ചേരി അപകടക്കേസിലെ പ്രതി ജോമോന്റെ ലൈസൻസ് റദ്ദാക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം വടക്കഞ്ചേരി അപകടത്തിൽ സ്പീഡ് ഗവർണർ അഴിച്ചതിൽ കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് പൊലീസിന് ഉടൻ കത്ത് നൽകും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടൂറിസ്റ്റ് ബസുകളിൽ സ്ഥിരം പരിശോധനക്ക് സംവിധാനം ഒരുക്കാനും തീരുമാനമായി.
ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ ആലുവ - എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളിൽ വേഗപൂട്ടിൽ വ്യാപക കൃത്രിമം കണ്ടെത്തിയിരുന്നു. വേഗപൂട്ട് വിഛേദിച്ച നിലയിൽ കണ്ടെത്തിയ ഏഴ് ബസ്സുകൾക്കെതിരെയാണ് നടപടിയെടുത്തത്. തൃശൂരിൽ നടത്തിയ പരിശോധനയിലും നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്.
60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാനാണ് ബസുകളിൽ ഇത്തരം കൃത്രിമം നടത്തുന്നത്. ഡോർ ഷട്ടറുകൾ തുറന്ന് വച്ച് നടത്തുന്ന സർവീസ് നടത്തിയ ബസ്സുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. തൃശൂരിൽ നടത്തിയ പരിശോധനയിൽ എയർ ഹോണുകൾ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16

