Quantcast

ഹി​ഗ്വിറ്റ വിവാദം: പേരിനായി അണിയറപ്രവർത്തകർ നിയമനടപടിയിലേക്ക്

തർക്കം തീർക്കേണ്ടത് എൻ.എസ് മാധവനും അണിയറ പ്രവർത്തകരും തമ്മിലാണ്. തർക്കം തീർന്നാൽ വിലക്ക് പിൻവലിക്കാമെന്നും ഫിലിം ചേംബർ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-12-06 13:00:29.0

Published:

6 Dec 2022 12:20 PM GMT

ഹി​ഗ്വിറ്റ വിവാദം: പേരിനായി അണിയറപ്രവർത്തകർ നിയമനടപടിയിലേക്ക്
X

കൊച്ചി: ഹിഗ്വിറ്റ സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ സിനിമയുടെ അണിയറപ്രവർത്തകർ നിയമനടപടിയിലേക്ക്. പേര് ഉപയോഗിക്കരുതെന്ന നിർദേശം ഫിലിം ചേംബർ പ്രതിനിധികൾ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ആവർത്തിച്ചതായി അണിയറ പ്രവർത്തകർ പറഞ്ഞു.

പേര് ഉപയോഗിക്കാൻ എൻ.എസ് മാധാവന്റെ സമ്മതപത്രം വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ പേര് മാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും സിനിമയുടെ സംവിധായകൻ ഹേമന്ത് ജി നായർ പറഞ്ഞു.

ഇതിന് അദ്ദേഹത്തിന്റെ കഥയോ കഥാപാത്രങ്ങളുമായോ യാതൊരു ബന്ധവുമില്ല. ആ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല ഇതെഴുതിയിരിക്കുന്നത്. കഥാ മോഷണം എന്ന രീതിയിലേക്കുള്ള ചർച്ചകൾ വരുന്നത് വേദനാജനകമാണ്. ഈ പേരുമായിട്ട് മാത്രമേ മുന്നോട്ടുപോകൂ. അതിന് നിയമപരമായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.

അതേസമയം, എൻ.എസ് മാധവന്റെ എൻഒസി വാങ്ങിയ ശേഷം പേരിന് അനുമതി കൊടുക്കാം എന്നാണ് ഇന്നത്തെ മീറ്റിങ്ങിലെ തീരുമാനമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി ബി.ആർ ജേക്കബ് പറഞ്ഞു. അതിന് മാറ്റം വരണമെങ്കിൽ അടുത്ത കമ്മിറ്റിയിൽ തീരുമാനിക്കാം. ഇവർ പറയുന്നതാണ് ന്യായമെന്ന് അടുത്ത കമ്മിറ്റിയിൽ തോന്നിയാൽ അത് പരിശോധിച്ച് മാറ്റങ്ങൾ വരുത്താമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ 2019ൽ രജിസ്റ്റർ ചെയ്തതാണെന്നും മൂന്ന് വർഷം കഴിഞ്ഞതുകൊണ്ട് രജിസ്റ്റർ ചെയ്തതിൻ്റെ കാലാവധി തീർന്നെന്നുമാണ് ഫിലിം ചേംബർ പറയുന്നത്. തർക്കം തീർക്കേണ്ടത് എൻ.എസ് മാധവനും അണിയറ പ്രവർത്തകരും തമ്മിലാണ്. തർക്കം തീർന്നാൽ വിലക്ക് പിൻവലിക്കാമെന്നും ഫിലിം ചേംബർ പറയുന്നു.

തന്റെ കഥ മോഷ്ടിച്ചു എന്ന എൻ.എസ് മാധവന്റെ പരാതിയുടെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് അണിയറ പ്രവർത്തകർക്കെതിരായ തീരുമാനമുണ്ടായത്. യോ​ഗത്തിന് മുമ്പ് ഫിലിം ചേംബർ അധികൃതരും സിനിമയുടെ അണിയറപ്രവർത്തകരും ചർച്ച നടന്നിരുന്നു. ഇതിലാണ് ഫിലിം ചേംബർ നിലപാട് വ്യക്തമാക്കിയത്. തന്റെ ഹി​ഗ്വിറ്റ എന്ന പേരിലുള്ള ചെറുകഥയുടെ പേരാണ് സിനിമയ്ക്ക് എടുത്തത് എന്നാണ് എൻ.എസ് മാധവന്റെ വാദം.

TAGS :

Next Story