Quantcast

സർക്കാർ ഫണ്ട് നിലച്ചിട്ട് രണ്ട് വർഷം; അടച്ചുപൂട്ടല്‍ ഭീതിയില്‍ എച്ച്ഐവി റിഹാബിലിറ്റേഷന്‍ ഹോം

രണ്ട് വർഷത്തിലേറെയായി സ്ഥാപനത്തിനായി സർക്കാർ ഒരു രൂപ പോലും അനുവദിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2022-04-27 02:25:52.0

Published:

27 April 2022 2:21 AM GMT

സർക്കാർ ഫണ്ട് നിലച്ചിട്ട് രണ്ട് വർഷം;  അടച്ചുപൂട്ടല്‍ ഭീതിയില്‍ എച്ച്ഐവി റിഹാബിലിറ്റേഷന്‍ ഹോം
X

എറണാകുളം: എച്ച്.ഐ.വി ബാധിതരെ സംരക്ഷിക്കുന്ന സംസ്ഥാനത്തെ ഏക റിഹാബിലിറ്റേഷന്‍ ഹോമിനെ കൈവിട്ട് സർക്കാർ. രണ്ട് വർഷത്തിലേറെയായി സ്ഥാപനത്തിനായി സർക്കാർ ഒരു രൂപ പോലും അനുവദിച്ചില്ല. പ്രതിസന്ധിയിലായ എറണാകുളത്തെ റിഹാബിലിറ്റേഷന്‍ ഹോം സാമ്പത്തിക ബാധ്യതകളില്‍ മുങ്ങി അടച്ചുപൂട്ടലിന്റെ വക്കിലാണ്.

2009 ല്‍ വി എസ് സർക്കാർ തുടങ്ങിയതാണ് പ്രൊട്ടക്ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ ഹോം. വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ എച്ച്ഐവി ബാധിതരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുമായി പതിമൂന്ന് പേരെ പരിപാലിച്ച് പോറ്റുന്ന സ്ഥാപനമാണിത്. ഒരു വർഷം ഈ സ്ഥാപത്തിന്‍റെ ചെലവ് പതിനേഴ്ലക്ഷത്തി നാലായിരം രൂപയെന്ന് 2014 ല്‍‌ ഉമ്മന്‍ചാണ്ടി സർക്കാർ കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ റിഹാബിലിറ്റേഷന്‍ ഹോം പ്രവർത്തിക്കുന്നത് നടത്തിപ്പുകാരുടെയും കരാർ ജീവനക്കാരുടെയും പോക്കറ്റില്‍ നിന്ന് പണമെടുത്താണ്. സർക്കാർ ഏറ്റവുമൊടുവില്‍ പണം നല്‍കിയത് 2019ലാണ്. അതും ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം.

സ്ഥാപനത്തെ മാത്രമല്ല, കരാർ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ആറ് ജീവനക്കാരെയും സർക്കാർ പണ്ടേ കൈവിട്ടതാണ്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർ ജോലി ഇട്ടിട്ട് പോകാത്തത് പരസഹായമില്ലാതെ ജീവിക്കാനാകാത്ത അന്തേവാസികളുടെ ദുരിതം ഓർത്തുമാത്രമാണ്. സർക്കാരിന്റെ വാതിലുകള്‍ പലവട്ടം മുട്ടി നോക്കിയ റിഹാബിലിറ്റേഷന്‍ ഹോം അധികൃതർ ഇനിയും പരീക്ഷണത്തിന് തയ്യാറല്ല.

എറണാകുളം മുപ്പത്തടത്തെ ഈ കെട്ടിടത്തിന് വാടക കൊടുത്തിട്ടും രണ്ട് വർഷമായി. കുടിശ്ശിക വന്നതോടെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഒഴിയേണ്ടിവന്നാല്‍ അന്തേവാസികളെയും കൊണ്ട് എങ്ങോട്ടുപോകുമെന്ന് അറിയാതെ നില്‍ക്കുകയാണ് റിഹാബിലിറ്റേഷന്‍ ഹോം നടത്തുന്ന സ്വന്തം സോഷ്യല്‍ സർവീസ് സൊസൈറ്റി.

TAGS :

Next Story