Quantcast

'അവധി പ്രഖ്യാപനം നേരത്തെ വേണം'; കലക്ടർ രേണുരാജിനെതിരെ റവന്യൂമന്ത്രി

കലക്ടർക്ക് ഉത്തരവാദിത്വമില്ല, മഴ കാരണം കലക്ടർ ഉറങ്ങിപ്പോയതാണ് എന്നൊക്കെയാണ് വരുന്ന ചില കമന്റുകൾ

MediaOne Logo

Web Desk

  • Published:

    4 Aug 2022 8:47 AM GMT

അവധി പ്രഖ്യാപനം നേരത്തെ വേണം; കലക്ടർ രേണുരാജിനെതിരെ റവന്യൂമന്ത്രി
X

കൊച്ചി: മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള അവധി പ്രഖ്യാപനങ്ങൾ നേരത്തേ വേണമെന്ന് റവന്യൂമന്ത്രി കെ.രാജൻ. സ്‌കൂളുകളിൽ നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് നല്ലത്. എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുന്നുമെന്നും മന്ത്രി വ്യക്തമാക്കി.

ശക്തമായ മഴ തുടർന്നിട്ടും എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ വൈകിയ കലക്ടർ രേണുരാജിനെതിരെ വിമർശനം ഉയർന്നിരുന്നു. കലക്ടറുടെ വൈകിയെത്തിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധിയാളുകളാണ് കമന്റിട്ടിരിക്കുന്നത്. കലക്ടർക്ക് ഉത്തരവാദിത്വമില്ല, മഴ കാരണം കലക്ടർ ഉറങ്ങിപ്പോയതാണ് എന്നൊക്കെയാണ് വരുന്ന ചില കമന്റുകൾ. കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നതിന് മുമ്പ് എങ്കിലും കലക്ടർ അവധി പ്രഖ്യാപിക്കാൻ ശ്രമിക്കണമെന്നും രക്ഷിതാക്കൾ കലക്ടറുടെ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.

എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിന് കടുത്ത വിമർശനം ഉയർന്നതോടെ വിശദീകരണവുമായി കലക്ടറെത്തി. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പുതിയ കുറിപ്പിൽ കലക്ടർ പറയുന്നു.

അതേസമയം, ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

TAGS :

Next Story