Quantcast

പൊലീസ് യൂണിഫോമിലെത്തി തട്ടിപ്പ്; വീട്ടമ്മയെ ഒന്നരദിവസം വീഡിയോ കോള്‍ വഴി ബന്ധിയാക്കി പണം കവര്‍ന്നു

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് നമ്പര്‍ ഉപയോഗിച്ചുവെന്നും പൊലീസ് നടപടി ആണെന്നും പറഞ്ഞാണ് പണം കൈമാറ്റം ചെയ്യിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    3 Jun 2025 8:11 PM IST

പൊലീസ് യൂണിഫോമിലെത്തി തട്ടിപ്പ്; വീട്ടമ്മയെ ഒന്നരദിവസം വീഡിയോ കോള്‍ വഴി ബന്ധിയാക്കി പണം കവര്‍ന്നു
X

തൃശൂര്‍: തൃശൂരില്‍ ഒന്നരദിവസം വീട്ടമ്മയെ ഓണ്‍ലൈന്‍ വീഡിയോ കോള്‍ വഴി ബന്ധിയാക്കി പണം തട്ടിയെന്ന് പരാതി. പോലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളില്‍ എത്തിയ ആളാണ് നാല്പതിനായിരം രൂപ തട്ടിയെടുത്തത്. മേലൂര്‍ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. അക്കൗണ്ടിലെ പണം കൈമാറാന്‍ ആവശ്യപ്പെടുകയും വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിര്‍ദ്ദേശം. ട്രീസയുടെ ഐഡിയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നും പൊലീസ് നടപടി ആണെന്നും പറഞ്ഞാണ് പണം കൈമാറ്റം ചെയ്യിപ്പിച്ചത്. പൊലീസ് യൂണിഫോണില്‍ എത്തിയ തട്ടിപ്പുകാരനെ തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ട്രീസ പറയുന്നു.

''എസ് ഐയുടെ യൂണിഫോമിലാണ് വീഡിയോ കോള്‍ ചെയ്തത്. ആര് കണ്ടാലും തിരിച്ചറിയില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകാരാണെന്ന് എനിക്ക് മനസിലായില്ല. നോര്‍ത്ത് ഇന്ത്യയില്‍ ഒരുപാട് നാള്‍ താമസിച്ചതാണ്. ആളുകളെ എല്ലാം അറിയുന്നതാണ്. എന്നാല്‍ തട്ടിപ്പുകാരില്‍ ഒരു സംശയവും തോന്നിയില്ല. അക്കൗണ്ട് നമ്പര്‍ തുടങ്ങി എല്ലാ വിവരങ്ങളും ചോദിച്ചപ്പോള്‍ അവ നല്‍കുകയായിരുന്നു,'' ട്രീസ പറഞ്ഞു.

ഫോണ്‍പേയും ഗൂഗിള്‍പേ വഴിയും പല തവണ 5000 രൂപ വീതം നാല്‍പ്പതിനായിരം രൂപയാണ് വീട്ടമ്മ അടച്ചത്. പിന്നീട് ഇങ്ങനെ ഒരു പ്രശ്‌നത്തെക്കുറിച്ച് ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കയ്യിലുള്ള രണ്ടര ലക്ഷം രൂപയും ട്രീസ ബാങ്കില്‍ നിക്ഷേപിക്കാനായി പോയെങ്കിലും ട്രാന്‍സാക്ഷന്‍ ലിമിറ്റു കാരണം പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല എന്നത് വീട്ടമ്മക്ക് അനുകൂലമായി. ഇല്ലെങ്കില്‍ ഇത്രയും വലിയ തുക നഷ്ടമാകുമായിരുന്നു. സൈബര്‍ പൊലീസിലാണ് പരാതി നല്‍കിയത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ക്ക് എതിരെ ബോധവല്‍ക്കരണം പല ഭാഗത്തു നിന്നും നടക്കുമ്പോഴും ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടുയുള്ള തട്ടിപ്പ് മറ്റൊരു ഭാഗത്തിലൂടെ നടക്കുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

TAGS :

Next Story