'ഞാൻ മാത്രം എങ്ങനെയാണ് പ്രതിയാകുന്നത്?'; എ.പത്മകുമാർ കോടതിയിൽ
സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ബോർഡ് അംഗങ്ങളുടെ കൂടി അറിവോടെയെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാർ. ബോർഡിന് ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണുള്ളതെന്നും കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പത്മകുമാർ ചൂണ്ടിക്കാട്ടി.
ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് 2019ലാണ്. ഇതിൻ്റെ ഉത്തരവാദിത്വം അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിന് മാത്രമാണെന്നായിരുന്നു ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന എൻ. വിജയകുമാറും കെ.പി ശങ്കരദാസും അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇതിനെ പൂർണമായും തള്ളുകയാണ് പത്മകുമാർ.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തുവിടാൻ ബോർഡ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അന്നത്തെ ബോർഡംഗങ്ങൾക്കും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. പിന്നെ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് പത്മകുമാറിന്റെ ചോദ്യം. പാളികളെ രേഖകളിൽ ഉദ്യോഗസ്ഥർ പിച്ചള എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ചെമ്പെന്ന് രേഖപ്പെടുത്താൻ താൻ ആവശ്യപ്പെട്ടു. അടിസ്ഥാന ലോഹം ചെമ്പായതിനാലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകിയത് എന്നാണ് പത്മകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരിക്കുന്നത്. സ്വർണപ്പാളികളെ ചെമ്പന്ന രേഖപ്പെടുത്തിയതിൽ തെറ്റുണ്ടായിരുന്നെങ്കിൽ ബോർഡ് അംഗങ്ങൾക്ക് ചൂണ്ടിക്കാണിക്കാണിക്കാമായിരുന്നുവെന്നും പത്മകുമാർ വ്യക്തമാക്കുന്നു. മുൻകൂർ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ബുധനാഴ്ച പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്.
Adjust Story Font
16

